അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ പ്രതികൾ വീണ്ടും ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിച്ചു. പതിനൊന്ന് പ്രതികളും മണ്ണാര്‍ക്കാട് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് വ്യക്തമാക്കിയുള്ള പ്രോസിക്യൂഷന്‍ ഹര്‍ജിയെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ഹൈക്കോടതിയും തീരുമാനം ശരിവച്ചിരുന്നു.
മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നു, നിരന്തരം സാക്ഷികളെ സ്വാധീനിച്ച് കൂറ് മാറ്റത്തിന് പ്രേരിപ്പിക്കുന്നു, തുടങ്ങിയ പ്രോസിക്യൂഷന്‍ പരാതിയിലാണ് പന്ത്രണ്ട് പ്രതികളുടെ ജാമ്യം മണ്ണാര്‍ക്കാട് കോടതി ഓഗസ്റ്റ് ഇരുപതിന് റദ്ദാക്കിയത്. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പതിനൊന്നാം പ്രതി അബ്ദുൽ കരീമിന്റെ ഒഴികെയുള്ളവരുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി ശരിവച്ചു. കെ.മരയ്ക്കാർ, പി.സി.ഷംസുദ്ദീൻ, കെ.അനീഷ്, ടി.രാധാകൃഷ്ണൻ, പി.അബൂബക്കർ, പി.കെ.സിദ്ദീഖ്, വി.നജീബ്, എം.വി.ജൈജുമോൻ, പി.പി.സജീവ്, സി.ബിജു, വി.മുനീർ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. പതിനൊന്നു പേരും ജാമ്യഹര്‍ജി നല്‍കി. ഹർജി അടുത്തദിവസം മണ്ണാര്‍ക്കാട് കോടതി പരിഗണിക്കും. ഇന്ന് ആറ് സാക്ഷികളെയാണ് വിസ്തരിക്കാന്‍ നിശ്ചയിച്ചതെങ്കിലും എഴുപത്തി ആറാം സാക്ഷി കെ.ജി. അഗസ്റ്റ്യൻ ജോസഫ് മാത്രമാണ് ഹാജരായത്. ഇദ്ദേഹം പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. ഫോണ്‍വിളിയുടെ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ അഗസ്റ്റ്യന്‍ ജോസഫ് പൊലീസ് നല്‍കിയ മൊഴിയില്‍ ഉറച്ച് നിന്നു. സാക്ഷിവിസ്താരം അടുത്തദിവസവും തുടരും.