അട്ടപ്പാടി മധു വധക്കേസിൽ കൂറ് മാറിയ സാക്ഷിയുടെ കാഴ്ചശക്തി പരിശോധിച്ച ഡോക്ടറെ വിസ്തരിക്കും. മണ്ണാർക്കാട് മധു കേസ് വിചാരണ നടപടികൾ റെക്കോർഡ് ചെയ്യണമെന്ന് പ്രോസിക്യൂട്ടർ കോടതിയോട് ആവശ്യപ്പെട്ടു. പ്രതിഭാഗം അഭിഭാഷകരുടെ അനാവശ്യ ഇടപെടൽ പ്രോസിക്യൂഷന്റെ വിചാരണയെ ബാധിക്കുന്നുവെന്നാണ് ഹർജി. മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറിയതോടെ മൊഴിമാറ്റിയവരുടെ എണ്ണം ഇരുപത്തി ഒന്നായി. 

 

പാലക്കാട് ജില്ലാ ആശുപത്രിയിലെ നേത്ര വിഭാഗം ഡോക്ടറോടാണ് നാളെ ഹാജരാകാന്‍ മണ്ണാര്‍ക്കാട് കോടതി സമന്‍സ് അയച്ചത്. കോടതിയുടെ നിർദേശപ്രകാരം ഇരുപത്തി ഒൻപതാം സാക്ഷി സുനിൽകുമാറിന്റെ കാഴ്ചക്ഷമത പരിശോധിച്ചിരുന്നു. മികച്ച കാഴ്ചശക്തിയുണ്ടെന്ന് ഡോക്ടർ സ്ഥിരീകരിച്ചിട്ടും പലതും കാണാന്‍ കഴിയുന്നില്ലെന്ന് സുനില്‍കുമാറും പ്രതിഭാഗവും ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് ഡോക്ടറെ വിസ്തരിക്കുന്നത്. മധുകേസ് വിചാരണയുടെ വീഡിയോയും ഓഡിയോയും റെക്കോര്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹർജി നൽകി. പ്രതിഭാഗം അഭിഭാഷകരുടെ അനാവശ്യ ഇടപെടൽ വിചാരണയെ ബാധിക്കുന്നുണ്ടെന്നാണ് ഹർജിയിലെ ആരോപണം. 

 

ഇന്ന് വിസ്തരിച്ച മുപ്പത്തി ആറാം സാക്ഷി അബ്ദുൽ ലത്തീഫും കൂറുമാറിയതോടെ നിലപാട് മാറ്റിയ സാക്ഷികളുടെ എണ്ണം ഇരുപത്തി ഒന്നായി. മധുവിനെ പിടികൂടിയ ആൾക്കൂട്ടത്തിനിടയിൽ അബ്ദുൽ ലത്തീഫ് നിൽക്കുന്ന ദൃശ്യങ്ങൾ കാണിച്ചപ്പോൾ അത് താനല്ലെന്നായിരുന്നു നിലപാട്. മധുവിനെ പിടിച്ചു കൊണ്ടു വരുന്നതും മർദിക്കുന്നതും ജീപ്പിൽ കയറ്റുന്നതും കണ്ടുവെന്ന് പൊലീസിനു നൽകിയ മൊഴി അബ്ദുൽ ലത്തീഫ് മാറ്റിപ്പറഞ്ഞു. ഈ ദൃശ്യങ്ങളും അബ്ദുൽ ലത്തീഫിന്റെ ഔദ്യോഗിക തിരിച്ചറിയൽ രേഖകളിലെ ഫോട്ടോയും ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുന്നതിൽ വിരോധമുണ്ടായെന്ന് പ്രോസിക്യൂട്ടർ ചോദിച്ചപ്പോൾ വിരോധമില്ലെന്നായിരുന്നു മറുപടി. മധുവിന്റെ അമ്മ മല്ലി, സഹോദരി ചന്ദ്രിക, ചന്ദ്രികയുടെ ഭർത്താവ് മുരുകൻ എന്നിവരുടെ വിസ്താരം തിങ്കളാഴ്ചയിലേക്ക് മാറ്റി. കൂടുതല്‍ സാക്ഷികളെ നാളെയും വിസ്തരിക്കും.