പൊള്ളാച്ചി: രാത്രിയിൽ ഉറങ്ങാൻ കിടന്ന യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാർക്കറ്റ് റോഡിൽ താമസിക്കുന്ന കുപ്പുസാമി (39)യാണ് മരിച്ചത്. പഴക്കടയിൽ ജീവനക്കാരനായ കുപ്പുസാമി വീടിന്റെ മുറ്റത്താണ് രാത്രിയിൽ ഉറങ്ങാറ്. കഴിഞ്ഞ ദിവസം പതിവ് പോലെ ഉറങ്ങാൻ കിടന്ന ഇയാളെ രാവിലെ ദേഹമാസകലം പരുക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

 

പൊലീസ് സ്ഥലത്തെത്തി ജഡം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. രാത്രി സമയങ്ങളിൽ ഇയാൾ സുഹൃത്തുക്കളുമായി മദ്യപിക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തു.