madhu-case-court

അട്ടപ്പാടി മധു വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വിചാരണ നടപടികൾ മണ്ണാര്‍ക്കാട് കോടതിയില്‍ പൂർത്തിയായി. മുന്‍ അഗളി ഡിവൈഎസ്പിയും നിലവിലെ തിരുവിതാംകൂർ ദേവസ്വം വിജിലൻസ് എസ്.പിയുമായ ടി.കെ.സുബ്രമണ്യന്റെ 12 ദിവസത്തെ വിചാരണയാണ് പൂർത്തിയായത്. കേസില്‍ പ്രോസിക്യൂഷന്‍ ഏഴ് പുതിയ ഹര്‍ജികള്‍ കൂടി നല്‍കി.  

 

മധുവിന്റെ ശരീരത്തിലെ പരുക്കുകള്‍ സ്ഥിരീകരിക്കേണ്ട ഡോക്ടർ ചവിട്ടേറ്റാണ് മരണകാരണമായ പരുക്കുണ്ടായതെന്ന് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. മധുവിന്റെ ശരീരത്തിൽ കണ്ട പരുക്കുകൾ പൊലീസ് മര്‍ദനത്താലും സംഭവിക്കില്ലേ എന്നതിന് നാട്ടുകാർ മര്‍ദിച്ചാലും പരുക്കുണ്ടാകുമെന്നായിരുന്നു മറുപടി. ഒന്നാം പ്രതി ഹുസൈൻ മറ്റു പ്രതികളെ വിളിച്ചതിന് തെളിവുണ്ടോ എന്ന ചോദ്യത്തിന് ഫോണ്‍വിളി രേഖയിലുണ്ടെന്നും പറഞ്ഞു. ഈ ഫോൺ ഹുസൈന്റെ പേരിലുള്ളതല്ലല്ലോ എന്നതിന് മകന്റെ പേരിലെന്നായിരുന്നു മറുപടി. കേസിൽ പ്രോസിക്യൂഷൻ ഏഴ് ഹർജികൾ കൂടി നൽകി. 

 

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സാക്ഷ്യപത്രത്തോടെ ഹാജരാക്കിയ പോസ്റ്റുമോർട്ടത്തിന്റെ വീഡിയോ ദൃശ്യം അടങ്ങിയ മെമ്മറി കാർഡെത്തിച്ച എ.എസ്.പി. ഷാഹുൽ ഹമീദിനെയും ദൃശ്യങ്ങൾ പകർത്തിയ വീഡിയോഗ്രഫറെയും പുതിയ സാക്ഷികളാക്കി വിസ്തരിക്കണമെന്നാവശ്യപ്പെടുന്നതാണ് ഒന്നാമത്തെ ഹർജി. ഇരുവർക്കും സമൻസ് അയക്കണമെന്നും വീഡിയോഗ്രഫറോട് സിക്സ്റ്റി ഫൈവ് ബി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും രണ്ടാമത്തെ ഹർജിയില്‍ ആവശ്യപ്പെടുന്നു. മധുവിന്റെയും പ്രതികളുടെയും ദൃശ്യങ്ങൾ പകർത്തിയ വീഡിയോഗ്രാഫർ, ഇൻക്വസ്റ്റിന്റെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ, ദൃശ്യം പകർത്തിയ വീഡിയോഗ്രാഫർ, സ്ഥലത്തിന്റെ മഹസർ വീഡിയോ പകർത്തിയ വീഡിയോഗ്രാഫർ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നാവശ്യപ്പെട്ട് നാല് ഹർജികളും നൽകി. പ്രതിഭാഗം തടസ ഹര്‍ജി നല്‍കുന്നതിനുള്ള സമയം തേടിയിട്ടുണ്ട്.

 

Attapadi Madhu murder case: Trial proceedings completed