ബംഗാള്‍ സ്വദേശിയെ പട്ടാമ്പി പുഴയോരത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. ഇബ്രാഹിം കൊക്കൂണിനെ കൊലപ്പെടുത്തിയതിനാണ് പശ്ചിമബംഗാള്‍ ബര്‍ദാന്‍ ജില്ലക്കാരായ റഫീഖ് സേക്ക്, ജിക്രിയമാലിക്, യാക്കൂബ് സേക്ക് എന്നിവരെ പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഭാര്യയുമായുള്ള റഫീഫ് സേക്കിന്റെ അതിരുവിട്ട സൗഹൃദം ഇബ്രാഹിം കൊക്കൂണ്‍ ചോദ്യം ചെയ്തതാണ് കൊലയില്‍ കലാശിച്ചത്.
2013 ഒക്ടോബര്‍ നാലിനാണ് കൊലപാതകമുണ്ടായത്. തന്റെ ഭാര്യയും ഒന്നാംപ്രതി റഫീഖ് സേക്കും തമ്മിലുള്ള അതിരുവിട്ട സൗഹൃദം ഇബ്രാഹിം കൊക്കൂണ്‍ നേരില്‍ക്കണ്ടു. തുടര്‍ന്ന് റഫീഖിനെ ഇബ്രാഹിം കൊക്കൂണ്‍ ഭീഷണിപ്പെടുത്തി. ഇതെത്തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. മണൽ എടുക്കാനെന്ന വ്യാജേന ഇബ്രാഹിം കൊക്കൂണിനെ പട്ടാമ്പി പുഴയോരത്ത് എത്തിച്ച് പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു. നാലാം പ്രതിയായ അനിസൂര്‍ റഹ്മാന്‍ സേക്ക് ഒളിവിലാണ്.
ഇയാള്‍ക്കെതിരായ വകുപ്പുകള്‍ നിലനില്‍ക്കും. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 75,000 രൂപയും, ഗൂഢാലോചനയ്ക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപയും, തെളിവ് നശിപ്പിക്കലിന് അഞ്ച് വര്‍ഷം കഠിനതടവും, 20,000 രൂപയും വീതം മൂന്നുവകുപ്പുകളിലായാണ് ശിക്ഷവിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകുമെന്ന് പാലക്കാട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സ്മിത ജോര്‍ജ് ഉത്തരവിട്ടു. പട്ടാമ്പി പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി മുൻ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.അരവിന്ദാക്ഷൻ, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എം.മനോജ് കുമാർ എന്നിവർ ഹാജരായി.
Pattambi murder case verdict