car-sunroof

കോഴിക്കോട് കുന്നമംഗലത്ത് കാറിന്റെ സണ്‍റൂഫില്‍ കുട്ടികളെ ഇരുത്തി അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ ഉടമയുടെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്തു. വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് എംവിഡിയുടെ നടപടി. 

 

കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.  മൂന്നു കുട്ടികളെ കാറിന്റെ സണ്‍റൂഫില്‍ ഇരുത്തിയാണ്  കാറുടമയായ മുജീബ് അമിതവേഗത്തില്‍ വാഹനമോടിച്ചത്. ഇത് കണ്ട പിറകെ വന്ന വാഹനത്തിലെ യാത്രക്കാര്‍  കാറിന്‍റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ്  മോട്ടര്‍ വാഹനവകുപ്പ് വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊടുവള്ളി ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ റജിസ്ട്രര്‍ ചെയ്ത വാഹനമാണെന്ന് കണ്ടെത്തുകയായിരുന്നു. 

 

തുടര്‍ന്ന് കാര്‍ ഉടമയെ കൊടുവള്ളി ആര്‍ടിഒ  ഓഫീസില്‍ വിളിച്ചുവരുത്തി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.  കാറോടിച്ചത് താനാണെന്ന് വാഹന ഉടമയായ നരിക്കുനി പന്നിക്കോട് സ്വദേശി മുജീബ് സമ്മതിച്ചു. വാഹനയുടമയില്‍ നിന്ന് വിശദീകരണം തേടിയശേഷമാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ആറുമാസത്തേക്കാണ് സസ്പെന്‍ഷന്‍. 

 

Driving with 3 children sitting on the sunroof of the car; License suspended