ivory-case

വയനാട് മാനന്തവാടിയിൽ ആനക്കൊമ്പുമായി ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ ഉൾപ്പടെ ആറംഗസംഘം വനം വകുപ്പിന്റെ പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. കർണാടക ഗോണിക്കുപ്പ സ്വദേശികളായ ഫിലിപ്പോസ്, ഗപ്പു, രാജ, വയനാട് വാകേരി സ്വദേശികളായ എൽദോ, സുബീഷ്, ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ ജസ്റ്റിൻ എന്നിവരാണ് ആനക്കൊമ്പുമായി പിടിയിലായത്. വനംവകുപ്പ് ഇന്റലിജൻസ് വിഭാഗവും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കണ്ടെടുത്തതും പ്രതികളെ പിടികൂടിയതും. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

കർണാടകത്തിൽ നിന്ന് ആനക്കൊമ്പുമായി ഇന്നലെ രാത്രിയാണ് സംഘം വയനാട്ടിൽ എത്തിയത്. കൃത്യമായ നിരീക്ഷണത്തിനോടുവിൽ ഇന്ന് പുലർച്ചെ ഏഴരയോടെയാണ് പ്രതികളെ വനംവകുപ്പ് പിടികൂടിയത്. കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനായി വനം വകുപ്പ് സംഘം കർണാടകത്തിലേക്ക് തിരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി കേസ് ബേഗൂർ റേഞ്ചിന് കൈമാറും.

Ivory case; six got arrested in Wayanad