കൊച്ചി പനങ്ങാട് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഗുണ്ടകള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപ്പുള്ളികളെന്ന് പൊലീസ്. തമിഴ്നാട്ടിലും കര്‍ണാടകയിലുമടക്കം കേസില്‍ ഉള്‍പ്പെട്ട മരട് അനീഷിന്റെ സംഘാംഗങ്ങളാണ് പിടിയിലായത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചേര്‍ത്തല സ്വദേശി പി.അരുണ്‍, കൊല്ലം തേവലക്കര സ്വദേശി ബിനു എന്നിവരാണ് പാലക്കാട് അഗളിയില്‍നിന്ന് പനങ്ങാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം മുപ്പതിനാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇതിനിടെ കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികില്‍സക്കെത്തി മരട് അനീഷിനെ പൊലീസ് ആശുപത്രി വളഞ്ഞ് പിടികൂടി. പിന്നാലെ കേസില്‍ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തെങ്കിലും അരുണിനെയും ബിനുവിനെയും കണ്ടെത്താനായില്ല.
തുടര്‍ന്ന് മരട് അനീഷിന്റെ സംഘാംഗങ്ങളെ തുടര്‍ച്ചയായി നിരീക്ഷിച്ചതില്‍നിന്ന് പ്രതികള്‍ അഗളിയിലുണ്ടെന്ന് വ്യക്തമായി. യുവതിക്കൊപ്പം അഗളിയില്‍ കഴിഞ്ഞിരുന്ന അരുണിനെ മാര്‍ക്കറ്റിന്റെ ഭാഗത്തുനിന്ന് പിടികൂടി. ചോദ്യം ചെയ്തതോടെ മറ്റൊരു വീട്ടില്‍ ബിനുവും മറ്റ് മൂന്നുപേരുമുണ്ടെന്ന് അരുണ്‍ മൊഴി നല്‍കി. പൊലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ച ബിനുവിനെ ഓടിച്ചിട്ട് പിടികൂടി. ബാക്കി മൂന്നുപേരും രക്ഷപെട്ടു. കര്‍ണാടകയില്‍ ഹൈവേയില്‍ കവര്‍ച്ച നടത്തിയ കേസിലുള്‍പ്പടെ അരുണും മരട് അനീഷും പ്രതികളാണ്. തൃക്കാക്കരയിലും, തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലും മരട് അനീഷ് ഉള്‍പ്പടെയുള്ളവര്‍ പിടികിട്ടാപ്പുള്ളികളായിരുന്നു.
Kidnapping and attempted murder of a young man; Maradu Anish's gang members arrested