പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിൽ കേസെടുത്ത് പന്തളം പൊലീസ്. പ്രസവ വേദനകൊണ്ട് പുളഞ്ഞിട്ടും ഡോക്ടർ നോക്കിയില്ലെന്നാണ്  കുഞ്ഞിന്റെ കുടുംബത്തിന്റെ പരാതി. പൂഴിക്കാട് എച്ച്.ആർ. മൻസിലിൽ ഹബീബ് റഹ്മാൻ, നജ്മ ദമ്പതികളുടെ 35 ദിവസം പ്രായമുള്ള മറിയം ഹനൂൻ ബിന്ദ് ഹബീബ് എന്ന പെൺകുഞ്ഞാണ് ബുധനാഴ്ച രാത്രി മരിച്ചത് പ്രസവവേദനയുണ്ടായതിനെ തുടർന്ന് നവംബർ ഏഴിന് പുലർച്ചെ 4.30 നാണ് യുവതിയെ പന്തളം സി.എം. ആശുപത്രിയിൽ എത്തിച്ചതെന്ന്  ബന്ധുക്കളുടെ പരാതിയിൽ പറയുന്നു. 

കൃത്യ സമയത്ത് ഡോക്ടർ എത്തിയില്ല എന്നും മണിക്കൂറുകൾക്ക് ശേഷം രാവിലെ  10.30 ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും  ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് കുട്ടിയുടെ നില വഷളായതോടെ ആശുപത്രി അധികൃതർ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 15 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞെങ്കിലും മാറ്റമുണ്ടായില്ല. തുടർന്ന് തിരുവനന്തപുരം എസ്.എ.ടി.യിൽ കുട്ടിയെ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രിയോടെ കുഞ്ഞ് മരിച്ചു.

അടൂർ  ഡി.വൈ.എസ്.പി. ആർ.ജയരാജിനാണ് അന്വേഷണച്ചുമതല. ഡോക്ടറുടെ ഭാഗത്തു പിഴവ് പറ്റിയിട്ടില്ലെന്നും യഥാസമയം വേണ്ട ചികിത്സ നൽകിയിട്ടുണ്ടെന്നും വിദഗ്ദ്ധ ചികിത്സയ്ക്കായാണ് അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്നും പ്രസവ ശസ്ത്രക്രിയ നടത്തിയ പന്തളത്തെ സി എം ആശുപത്രിയുടെ ചുമതലക്കാരൻ അറിയിച്ചു.

Pandalam police have been taken case on the death infant in hospital