ponnurunniwb2

ലൈംഗിക വൈകൃതങ്ങൾക്ക് സമ്മതിക്കാതിരുന്ന അൻപത്തിയാറുകാരി നേരിട്ടത് കൊടിയ പീഡനമെന്ന് പൊലിസ്.  പ്രതി ക്രൂരമായി മുഖത്തുൾപ്പെടെ മർദിച്ചു. കൊച്ചി പൊന്നുരുന്നിയിലാണ് കഴിഞ്ഞ ദിവസം ഈ ക്രൂരത നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശി ഫിര്‍ദോസ് അലി കടവന്ത്ര പൊലീസിന്റെ പിടിയിലായത്. ആശുപത്രിയില്‍ ചികിത്സയിലുള്ള അന്‍പത്താറുകാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. 

ബുധനാഴ്ച നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ ജോലി തേടിയെത്തിയ സ്ത്രീയാണ് ബലാല്‍സംഗത്തിനിരയായത്. സ്റ്റേഷനിലെ ക്ലോക്ക് റൂമിലെ ജീവനക്കാരിയെ കാണാനെത്തിയ സ്ത്രീയെ പ്രതി ഫിര്‍ദോസ് അലി പറഞ്ഞ് പറ്റിച്ച് കൂടെക്കൂട്ടുകയായിരുന്നു. വയനാട്ടിലായിരുന്ന പ്രതി അന്ന് ഉച്ചയോടെയാണ് റെയില്‍വെ സ്റ്റേഷനിലെത്തിയത്.

സമീപത്തെ ബാറില്‍ നിന്ന് മദ്യപിച്ച പ്രതി ദുരുദ്ദേശത്തോടെ സ്റ്റേഷനില്‍ തുടര്‍ന്നു. ഇതിനിടെയാണ് അന്‍പത്തിയാറുകാരിയെ കണ്ട് മുട്ടുന്നത്. ക്ലോക്ക് റൂമിലെ ജീവനക്കാരിയുടെ പരിചയക്കാരനാണെന്ന് പറഞ്ഞ് അന്‍പത്തിയാറുകാരിക്ക് 500രൂപ നല്‍കി. മെട്രോ സ്റ്റേഷനിലാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പറഞ്ഞ് ഓട്ടോയില്‍ കൊണ്ടുപോയി. കമ്മട്ടിപ്പാടത്തിന് സമീപം ഇറങ്ങി റെയില്‍വെട്രാക്കിലൂടെ കുറച്ച്ദൂരം സഞ്ചരിച്ചതോടെ പന്തികേട് തോന്നിയ സ്ത്രീ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരെ റെയില്‍വെ ട്രാക്കിന് സമീപത്തെ ചതുപ്പിലേക്ക് തള്ളിയിട്ട പ്രതി ക്രൂരമായി പീഡിപ്പിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ മുഖത്തും ശരീരത്തിലും ക്രൂരമായി മര്‍ദിച്ചു. ചോരയില്‍ കുളിച്ച് കിടന്ന സ്ത്രീയെ നാട്ടുകാര്‍ കണ്ടെത്തി പിന്നീട് പൊലീസിനെ അറിയിച്ചു. 

പ്രതി മലയാളിയല്ലെന്ന വിവരം മാത്രമാണ് പൊലീസിനുണ്ടായിരുന്നത്. 134 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് കമ്മട്ടിപ്പാടത്ത് റെയില്‍വെ ട്രാക്കിന് സമീപത്തെ കാമറയില്‍ നിന്ന് പ്രതിയുടെയും സ്ത്രീയുടെയും ദൃശ്യം ലഭിച്ചു. ഇയാള്‍ മാസങ്ങള്‍ക്ക് മുന്‍പ് കഞ്ചാവ് കേസില്‍ അറസ്റ്റിലായതാണെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണം ആ വഴിക്ക്. കൊച്ചിയില്‍ തന്നെ തുടര്‍ന്ന പ്രതിയെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ തൊഴിലാളിയായ ഫിര്‍ദോസ് അലി പന്ത്രണ്ട് വര്‍ഷമായി കേരളത്തിലുണ്ട്. 

Kochi Ponnurunni rape case; Convict under arrest