angamali-urban-bank

അങ്കമാലി അർബൻ സഹകരണ സംഘത്തിൽ  സാമ്പത്തിക തട്ടിപ്പും  ക്രമകേടും ആരോപിച്ച് ഇടപാടുകാരുടെ പ്രതിഷേധ കൂട്ടായ്മ. സഹകരണ സംഘത്തിൽ നൂറുകോടിയിൽപരം രൂപയുടെ തട്ടിപ്പ് നടന്നതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ഇടപാടുകാർ പരാതി നൽകിയിരുന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന ബാങ്ക് ഭരണസമിതിക്കെതിരെ  സിപിഎമ്മും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. 

കോൺഗ്രസിന്റെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കൾ ഉൾപ്പെടുന്ന സഹകരണസംഘം ഭരണസമിതിയിലെ പലരും അനധികൃതമായി മറ്റ് പലരുടേയും പേരിൽ വായ്പകൾ തരപ്പെടുത്തി എന്നാണ് പ്രധാന ആരോപണം. ബാങ്കുമായി ഒരുതരത്തിലും ബന്ധപ്പെടാത്തവരുടെ പേരിൽ അടക്കം തിരിച്ചടവിനുള്ള നോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പ് പലരും തിരിച്ചറിഞ്ഞത്. പതിനായിരവും അമ്പതിനായിരം രൂപയും വായ്പയെടുത്ത പലർക്കും ഇരുപത്തിയഞ്ച് ലക്ഷം രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ് ലഭിച്ചുവെന്നും ഇടപാടുകാരും നിക്ഷേപകസമിതിയും ആരോപിച്ചു. 100 കോടിയിൽപ്പരം രൂപയുടെ നിക്ഷേപമുള്ള സംഘത്തിൽ ഏതാണ്ട് അത്രയുംതന്നെ വായ്പ നൽകിയിട്ടുണ്ടെന്നാണ് ആരോപണം. ഇതിനിടെ നിക്ഷേപകരിൽ പലരും പണം പിൻവലിക്കാനായി സംഘത്തെ സമീപിച്ചപ്പോൾ പണം ലഭിക്കാത്ത സാഹചര്യം ഉണ്ടായി.

മിക്കവാറും വായ്പകൾ ബെനാമി പേരിൽ നൽകിയിട്ടുള്ളതാണെന്നാണ് ആരോപണം.ഈടായി നൽകിയ വസ്തുക്കളിൽ പലതും ലേലംചെയ്താൽ ബാധ്യത തുകയുടെ പകുതിപോലും ലഭിക്കില്ലെന്നതാണ് സാഹചര്യമെന്നും സമരസമിതി പറഞ്ഞു.

protest against angamali urban bank