വടക്കൻ പറവൂരിനടുത്ത് ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അതിക്രൂരമായി അടിച്ചുകൊലപ്പെടുത്തിയ പ്രതിക്ക് മാനസിക പ്രശ്നമില്ലെന്ന് പൊലീസ്. പ്രദേശത്ത് അരക്ഷിതാവസ്ഥയുള്ളതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതി റിതു ജയനെ കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലപ്പെട്ട മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ബന്ധു വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്കരിച്ചു.
ഏറെ സ്വപ്നം കണ്ട് പണി തീർത്ത കരിമ്പാടത്തെ വീട്ടിലേയ്ക്ക് അവസാന യാത്രയ്ക്കിടെ ഒന്നെത്താൻ പോലും വേണുവിനും ഭാര്യ ഉഷയ്ക്കും മകൾ വിനിഷയ്ക്കുമായില്ല. ഉഷയുടെ സഹോദരിയുടെ രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിലേയ്ക്കാണ് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ എത്തിച്ചത്. അച്ഛനും അമ്മയും മകളും അടുത്തടുത്തായി വെള്ളപുതച്ച് കിടക്കുന്നത് കണ്ട നാട് മുഴുവൻ ഹൃദയം തകർന്ന് തേങ്ങി. വിനിഷയുടെ ഒന്നിലും ആറിലും പഠിക്കുന്ന പെൺമക്കൾ വാവിട്ടു കരഞ്ഞു.
പ്രതിപക്ഷനേതാവ് വി ഡി സതീശൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തി. ഓച്ചന്തുരുത്ത് ശ്മശാനത്തിൽ സംസ്ക്കാരം. പ്രതി റിതു ജയൻ ലഹരി ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും മാനസിക പ്രശ്നങ്ങളില്ലെന്നും പൊലീസ്. വിനിഷയുടെ ഭർത്താവ് ജിതിൻ ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല. ചികിൽസയ്ക്ക് പഞ്ചായത്ത് ധനസമാഹരണം ആരംഭിച്ചു. ജിതിന്റെ ചികിൽസയ്ക്കും മക്കളുടെ പഠനത്തിനും സൗകര്യമൊരുക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉറപ്പു നൽകി