brother-killed-sister-n1

കര്‍ണാടകയെ നടുക്കി ദുരഭിമാനക്കൊല. ഇതര മതസ്ഥനെ പ്രണയിച്ച സഹോദരിയെ യുവാവ് തടാകത്തില്‍ തള്ളിയിട്ടു കൊന്നു. മകളെ രക്ഷിക്കാനായി കുളത്തിലേക്ക് എടുത്തുചാടിയ യുവതിയുടെ അമ്മയും മുങ്ങിമരിച്ചു. മൈസുരു ഹുന്‍സൂരിലാണു പ്രണയവും ദുരഭിമാനവും വന്‍ദുരന്തത്തിലെത്തിയത്.

മൈസൂരു ഹുൻസൂരിന് സമീപം മാരൂര്‍ ഇന്നുണര്‍ന്നതു നടുക്കുന്ന വാര്‍ത്ത കേട്ടാണ്. ഇതര മതത്തില്‍പെട്ടയാളെ പ്രണയിച്ചതിനു 18കാരിയെ സഹോദരന്‍ തടാകത്തില്‍ തള്ളിയിട്ടുകൊല്ലുക. രക്ഷിക്കാനായി എടുത്തുചാടിയ അമ്മയും മുങ്ങിമരിക്കുക. ഗ്രാമത്തിലെ സതീഷെന്നയാളുടെ ഭാര്യ അനിത മകള്‍ ധനുശ്രീ എന്നിവരാണു മരിച്ചത്. കോളേജില്‍ പഠിക്കുന്ന ധനുശ്രീ അടുത്ത ഗ്രാമത്തിലെ മുസ്‌ലിം യുവാവുമായി പ്രണയത്തിലായി. ഇതിനെ ചൊല്ലി വീട്ടില്‍ വഴക്കും പതിവായിരുന്നു. സഹോദരന്‍ നിധിനായിരുന്നു പ്രണയത്തെ ശക്തമായി എതിര്‍ത്തത്. സഹോദരിയുമായി വഴക്കിട്ട നിധിന്‍ എഴുമാസം മുന്‍പ് വീടുവിട്ടിറങ്ങി. അതിനിടെ മാതാപിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നു ധനുശ്രീ പ്രണയത്തില്‍ നിന്നു പിന്‍വാങ്ങുകയും ചെയ്തു. ഇതറിഞ്ഞ നിധിന്‍ കഴിഞ്ഞ ദിവസം വീട്ടില്‍ മടങ്ങിയെത്തി.

ചൊവ്വാഴ്ച വൈകീട്ട് അടുത്ത ഗ്രാമത്തിലെ ബന്ധുവിനെ കാണാനായി നിധിന്‍ അമ്മയെയും സഹോദരിയെയും കൂട്ടി പുറപ്പെട്ടു. യാത്രക്കിടെ പ്രണയത്തെ ചൊല്ലി നിധിനും സഹോദരിയും തര്‍ക്കമുണ്ടായി. പ്രകോപിതനായ നിധിന്‍ സഹോദരിയെ മാരൂര്‍ തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നു. ധനുശ്രീ മുങ്ങിത്താഴുന്നതു കണ്ട് അമ്മയും തടാകത്തിലേക്ക് എടുത്തുചാടി. അമ്മയെ രക്ഷിക്കാനായി നിധിന്‍ വെള്ളത്തില്‍ ഇറങ്ങിയപ്പോഴേക്കും ഇരുവരും മുങ്ങിപ്പോയിരുന്നു. ഇതിന് ശേഷം നിതിൻ തന്നെ വീട്ടിലെത്തി അച്ഛനോടു കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. പിതാവാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. കൊലപാതക കുറ്റം ചുമത്തി നിതിനെ ഹുന്‍സൂർ റൂറൽ  പൊലീസ് അറസ്റ്റ്  ചെയ്തു.

Love affair with Muslim boy, brother kills sister & mother in Mysuru