തെരുവിലെ പശുക്കളുടെ ദയനീയ കരച്ചിൽ കേട്ടാണ് ഞായറാഴച്ച ബെംഗളുരു ചാമരാജ്പേട്ട് ഉറക്കമുണർന്നത്. ഓടിക്കൂടിയവർ കണ്ടത് രക്തത്തിൽ കുളിച്ച് ജീവനോട് മല്ലിടുന്ന മിണ്ടാപ്രാണികളെയാണ്. അകിട് അറുത്ത നിലയിലായിരുന്നു പശുക്കളുണ്ടായിരുന്നത്. ഉടന്‍ വെറ്റിനറി ആശുപത്രിയില്‍ എത്തിച്ചതിനാൽ മിണ്ടാപ്രാണികളുടെ ജീവൻ രക്ഷിക്കാനായി. ചാമരാജ്പേട്ട് വിനായക നഗറിൽ തെരുവിൽ വിട്ടയച്ചിരുന്ന 3 പശുക്കളാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്.
വൻ പ്രതിഷേധം ഉയരുന്നതിനിടെ ബീഹാർ സ്വദേശിയായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള തിരച്ചിലിൽ ആണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ കടയിലെ ജോലിക്കാരനായ ബിഹാർ സ്വദേശി നസ്റുവാണ് പിടിയിലായത്. മദ്യലഹരിയിൽ തമാശയ്ക്ക് ചെയ്തതാണന്നാണ് പ്രതിയുടെ മൊഴി. അതേസമയം ഇയാൾ ജോലി ചെയ്യുന്ന കടയുടെ ഉടമയ്ക്ക് സംഭവത്തിൽ പങ്കുണ്ടെന്നും ഇതുംകൂടി അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പശുകളുടെ ഉടമയും വിവിധ സംഘടനകളും രംഗത്തെത്തി.
ഇതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധമാണ് ചാമരാജ്പേട്ടില്‍ അരങ്ങേറിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സംഘത്തെയും സ്ഥലത്ത് വിന്യസിച്ചു. അക്രമികളെ വെറുതേവിടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കി.