athirampuzha-death

കോട്ടയം നാൽപ്പാത്തിമലയ്ക്ക് സമീപം യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസിനെ കണ്ട് ഭയന്ന് ഓടിയതിനിടെ കിണറ്റിൽ വീണതായാണ് സംശയം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

അതിരമ്പുഴ നാൽപ്പാത്തിമല തടത്തിൽ  ആകാശ് സുരേന്ദ്രനാണ് മരിച്ചത്.  നാൽപ്പാത്തിമല - അതിരമ്പുഴ റോഡിലെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൃതദ്ദേഹം കണ്ടെത്തിയത് .ഞായറാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ആകാശും സുഹൃത്തുക്കളും ചേർന്ന് ആളൊഴിഞ്ഞ പുരയിടത്തിലിരുന്ന് മദ്യപിക്കുകയിരുന്നു .  ഇതിനിടെ ഇതുവഴി പൊലീസ് പെട്രോളിങ് സംഘം കടന്നു പോയി.  പൊലീസ് വാഹനത്തിന്‍റെ ബീക്കൺ ലൈറ്റ് കണ്ട, സംഘം ഭയന്ന് ഓടി. ചിതറിയോടിയ സംഘം പിന്നീട് തിരികെ എത്തിയപ്പോഴാണ് ആകാശിനെ കാണാനില്ലെന്ന് മനസിലായത് . തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ആകാശിനെ കണ്ടെത്താനായില്ല.  അഗ്നിരക്ഷാ  സംഘത്തെ വിവരം അറിയിച്ചു.പ്രദേശത്തെ കിണറ്റിൽ നിന്നും പുലർച്ചെ മൃതദേഹം കണ്ടെത്തി.  മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും