ഒറ്റപ്പാലം മുളഞ്ഞൂരിൽ വീട്ടമ്മയുടെ താലിമാല പിടിച്ചുപറിച്ച കേസിൽ റെയിൽവേ ജീവനക്കാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ഒറ്റപ്പാലം മീറ്റ്ന സ്വദേശികളായ ചമ്പക്കര വീട്ടിൽ പ്രശാന്ത്, റെയിൽവേ ഗേറ്റ് കീപ്പറായ ആലിക്കൽ അശോക് കുമാർ എന്നിവരാണ് ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്.

 

കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്കു പന്ത്രണ്ടോടെ മുളഞ്ഞൂർ മന്ദത്ത് കാവിനു സമീപമായിരുന്നു പിടിച്ചുപറി. മന്ദത്ത്കാവ് പറമ്പിൽ വീട്ടിൽ രമയുടെ കഴുത്തിൽ നിന്ന് രണ്ടേകാൽ പവൻ തൂക്കം വരുന്ന താലിമാലയാണു കവർന്നത്. സ്കൂട്ടറിലെത്തിയ ഇരുവരും രമയുടെ കഴുത്തിൽ നിന്നു മാല പിടിച്ചുപറിച്ചു രക്ഷപ്പെടുകയായിരുന്നു.

 

നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും സ്കൂട്ടറും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. അശോക് കുമാർ വല്ലപ്പുഴയിലെ റെയിൽവേ ഗേറ്റിൽ ഗേറ്റ് കീപ്പറാണ്. പ്രശാന്തും അശോക് കുമാറും സുഹൃത്തുക്കളും സ്കൂൾ പഠനകാലത്തു സഹപാഠികളുമാണ്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. ഒറ്റപ്പാലം എഎസ്പി രാജേഷ്കുമാർ, പൊലീസ് ഇൻസ്പെക്ടർ ടി.പി.ഫർഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

 

ottappalam chain snatching case; 2 arrested