കാർ സ്വിമ്മിങ്ങ്പൂളാക്കിയ വ്ലോഗർ സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസെടുത്തു. എൻഫോഴ്സ്മെൻ്റ് ആർടിഒയുടെ പരാതിയിലാണ് ആലപ്പുഴ മണ്ണഞ്ചേരി പോലീസിൻ്റെ നടപടി. സഞ്ജു ടെക്കിയുടെ ഗതാഗത നിയമലംഘനങ്ങളെപ്പറ്റി മോട്ടോർവാഹന വകുപ്പ് ഹൈക്കോടതിയിൽ റിപ്പോർട്ടും നൽകി.
കാർ സ്വിമ്മിങ് പൂളാക്കുകയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത സഞ്ജു ടെക്കി ക്കെതിരെ നേരത്തെ മോട്ടർ വാഹന വകുപ്പ് നടപടി എടുത്തിരുന്നു.ക മോട്ടോർവാഹന വകുപ്പിനെ പരിഹസിച്ച് സഞ്ജു ടെക്കി വീണ്ടും വിഡിയോയുമായി രംഗത്തുവന്നു. ആവേശം കൂടിയപ്പോൾ എം.വി.ഡിയും നടപടി കടുപ്പിച്ചു. അപകടകരമായ ഡ്രൈവിങ്, പൊതുജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി സഞ്ജുടെക്കിക്കും മൂന്നു കൂട്ടുകാർക്കുമെതിരെ മണ്ണഞ്ചേരി പോലീസ് കേസെടുത്തു. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് പരാതിക്കാരൻ. നിയമലംഘനങ്ങള്‍ക്ക് എതിരായ മോട്ടോർ വാഹനവകുപ്പിന്റെ കുറ്റപത്രം ആലപ്പുഴ ജുഢീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും നൽകി.
സഞ്ജു ടെക്കി നടത്തിയ നിയമലംഘനങ്ങളുടെ വിഡിയോകൾ അടങ്ങിയ പെൻഡ്രൈവും കുറ്റപത്രത്തോടൊപ്പം ഉണ്ട്. റോഡിലെ അഭ്യാസത്തിന് സഞ്ജു പ്രോസിക്യൂഷൻ നടപടിയും നേരിടേണ്ടി വരും. സഞ്ജു ടെക്കിക്കും കൂട്ടുകാര്‍ക്കും എംവിഡി നിർദേശിച്ച പരിശീലന ക്ലാസ് ആരംഭിച്ചു. എടപ്പാളിലെ കേന്ദ്രത്തിൽ ഒരാഴ്ചയാണ് ക്ലാസ്. സ്വിമ്മിങ് പൂളാക്കി മാറ്റിയ കാറിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവറുടെ ലൈസൻസും നേരത്തെ റദ്ദാക്കിയിരുന്നു.