ബാലരാമപുരത്തെ രണ്ടുവയസുകാരിയെ ജീവനോടെ തന്നെ കിണറ്റിലിട്ടെന്ന് അമ്മാവന്‍റെ മൊഴി. അതേസമയം ഇയാളുടെ മൊഴി പൂര്‍ണമായി വിശ്വാസത്തിലെടുക്കാതെയാണ് പൊലീസ് ചോദ്യംചെയ്യല്‍ തുടരുന്നത്. കുറ്റമേറ്റു പറഞ്ഞത് മറ്റുള്ളവരെ രക്ഷിക്കാനാണോ എന്ന സംശയവും ഉയരുന്നുണ്ട്. കുഞ്ഞിന്‍റെ അമ്മയും അച്ഛനും മുത്തശ്ശിയും അമ്മാവനും ഓരോ സമയത്തും മൊഴി മാറ്റുന്നതുകൊണ്ട് ഒരു സ്ഥിരീകരണത്തിനും നിലവില്‍ പൊലീസ് തയ്യാറല്ല.
താനാണ് കൊലപ്പെടുത്തിയത് എന്നു അമ്മാവന്‍ ഹരികുമാര്‍ പറയുന്നുണ്ടെങ്കിലും എന്തിന് കൊന്നുവെന്നോ മറ്റ് കാരണങ്ങളോ ഒന്നും തന്നെ പറയുന്നില്ല. മുത്തശ്ശന്‍റെ മരണാനന്തരച്ചടങ്ങുകള്‍ക്കായാണ് ഇവരെല്ലാവരും വീട്ടിലൊത്തുചേര്‍ന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് കുഞ്ഞ് കിടന്നുറങ്ങിയതെന്ന് സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ സഹായമില്ലാതെ എങ്ങനെ കുട്ടിയെ ഹരികുമാര്‍ എടുത്തുകൊണ്ടുപോകും എന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം അച്ഛനു പങ്കില്ലെന്നും അമ്മയുടെ സഹായം ഹരികുമാറിനു കിട്ടിയിട്ടുണ്ടെന്നും പൊലീസിന് വ്യക്തമാകുന്നു. ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ ഹരികുമാര്‍ പൊലീസിനോടും തട്ടിക്കയറി.
ഇന്നലെ രാത്രി എന്താണ് ആ വീട്ടില്‍ സംഭവിച്ചതെന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ഒപ്പം കുഞ്ഞിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലഭിക്കേണ്ടതുണ്ട്. അമ്മാവന്‍ ഹരികുമാറിന്‍റെ സ്വഭാവ,ജീവിത രീതികളും ഇതോടൊപ്പം പൊലീസ് പരിശോധിക്കുന്നുണ്ട്. അന്ധവിശ്വാസമോ കുടുംബതര്‍ക്കമോ ആവാം സംഭവത്തിനു പിന്നിലെന്നും സംശയമുണ്ട്. പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പൊലീസാണ് അഗ്നിശമനസേനയെ വിളിച്ചത്. കിണറിന് മറയായി ഇട്ടിരുന്ന ഷീറ്റ് അല്‍പം മാറിക്കിടന്നതും പൊലീസില്‍ സംശയമുണ്ടാക്കി. തുടര്‍ന്ന് അഗ്നിശമനസേനയുടെ തിരച്ചിലിലാണ് കുഞ്ഞിന്‍റെ മൃതദേഹം വീട്ടിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തത്.