ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ (33) തലയ്ക്കടിച്ചു കൊന്ന് ബെംഗളൂരു കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊലപാതകക്കേസില്‍ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ തെഗുദീപയും കാമുകിയായ നടി പവിത്ര ഗൗഡയും കൊടുംക്രൂരതയെക്കുറിച്ചുള്ള വാര്‍ത്തകളാണ് കന്നഡ സിനിമാ ലോകത്തു നിറയുന്നത്.
പവിത്രയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനു പ്രതികാരമായി ഫാന്‍സ് അസോസിയേഷന്റെ സഹായത്തോടെ വിളിച്ചുവരുത്തി അടിച്ചുകൊന്നുവെന്നാണ് കേസ്. നടനും നടിയുമടക്കം 11 പേര്‍ അറസ്റ്റിലായി. ഞയറാഴ്ച ബെംഗളുരു കാമാക്ഷിപാളയത്തെ തോട്ടില്‍ അജ്ഞാത മൃതദേഹം കാണ്ടെത്തുന്നതോടെയാണു ക്രൂര കൊലപാതക ചുരുള്‍ അഴിയുന്നത്. മുഖമാകെ നായ കടിച്ച നിലയിലായിരുന്നു. മൃതദേഹം ചിത്രദുർഗ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ദർശനിലേക്ക് എത്തിയത്. ദർശനും മാനേജർ പവനും നടത്തിയ ഫോൺ കോളുകളും മറ്റു ഡിജിറ്റൽ രേഖകളുമാണ് അറസ്റ്റിലേക്ക് എത്തിച്ചത്. രേണുകസ്വാമിയെ മർദ്ദിച്ച് അവശനാക്കിയ കൊലയാളി സംഘം തലയ്ക്ക് ക്ഷതമേൽപ്പിച്ചും ചുട്ടുപഴുപ്പിച്ച ഇരുമ്പു ദണ്ഡു കൊണ്ട് കൈകാലുകളിൽ പരുക്കേൽപ്പിച്ചുമാണ് കൊലപാതകം നടത്തിയത്.
മരിച്ചത് ചിത്രദുര്‍ഗ സ്വദേശി രേണുക സ്വാമിയാണന്നു സ്ഥിരീകരിച്ച പൊലീസ് ഇയാളുടെ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചാണു വഴിത്തിരിവായത്. നടന്റെ കടുത്ത ആരാധകനായ രേണുകയ്ക്ക് ദര്‍ശന്‍ പവിത്ര ഗൗഡയുമായി ബന്ധം പുലര്‍ത്തുന്നത് ഇഷ്ടമായിരുന്നില്ല.
ഇതിന്റെ പേരിലാണു ഇന്‍സ്റ്റാഗ്രാമിലടക്കം അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ഇക്കാര്യം പവിത്ര ദര്‍ശന്റെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്നു ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ രേണുകയെ മൈസുരുവിലെത്തിച്ചു. നേരത്തെ ദർശന്റെ 2 സിനിമകളുടെ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ച വിജനമായ 5 ഏക്കർ പറമ്പിലെ ഷെഡിലാണ് കൊലപാതകം നടന്നത്. ദർശന്റെ വീടിനു 2 കിലോമീറ്റർ ചുറ്റളവിലാണിത്. ദര്‍ശന്‍ നടി പവിത്ര ഗൗഡ,നടന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് രാഘവേന്ദ്ര അടക്കം പന്ത്രണ്ടു പേര്‍ അറസ്റ്റിലായി. 7 ദിവസത്തേക്ക് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്ത ദർശനെയും കൂട്ടാളികളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ശനിയാഴ്ചയാണു കൊലപാതകം നടന്നത്. പുലര്‍ച്ചെ മൈസുരുവില്‍ നിന്നാണു നടനെ അറസ്റ്റ് ചെയ്തത്. നടി പവിത്രയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ ദര്‍ശന്‍–പവിത്ര ബന്ധം കന്നഡ സിനിമാ മേഖലയില്‍ വന്‍ വിവാദമായിരുന്നു