mechanical-engineer

TOPICS COVERED

മെക്കാനിക്കൽ എൻജിനിയറിങ് പാസായ, സുമുഖനായ ഒരു ഒറ്റപ്പാലംകാരൻ. നാട്ടിലോ വിദേശത്തോ ഒരു ജോലി ഒപ്പിക്കാനുള്ള പെടാപ്പാടിലായിരുന്നു വെങ്കിടേഷ്. നാട്ടിൽ ജോലി കിട്ടാതായപ്പോൾ, വിദേശത്ത് പോകാനായി ഏതോ ഏജന്റിന് പണം നൽകി. അയാൾ വൃത്തിയായി കബളിപ്പിച്ചു. അങ്ങനെ ആകെ ഡിപ്രഷനിലായിരിക്കുമ്പോഴാണ് ഓൺലൈൻ റമ്മി കളിയുടെ അത്ഭുത ലോകത്തേയ്ക്ക് അവൻ എത്തിപ്പെടുന്നത്. തന്റെ പ്രശ്നങ്ങള്‍ എളുപ്പത്തിൽ പരിഹരിക്കാനുള്ള വഴിയായിരുന്നു വെങ്കിടേഷിന് റമ്മികളി. അതിനിടെ വിവാഹവും ഉറപ്പിച്ചു. 

 

കളിച്ചുകളിച്ച് ഒടുവിൽ കളി കാര്യമായി. കൈയ്യിലുണ്ടായിരുന്നതും കടം വാങ്ങിയതും ഉൾപ്പടെ എല്ലാം പോയി. വെങ്കിടേഷ് വലിയ കടക്കാരനായി. അവന് കണ്ണിൽ ഇരുട്ടുകയറും പോലെ തോന്നി. പലവട്ടം ആലോചിച്ചെങ്കിലും ജീവനൊടുക്കാന്‍ തയ്യാറായിരുന്നില്ല അവന്‍. ഏത് വിധേനയും പണം അറേഞ്ച് ചെയ്തേ പറ്റൂ. മാര്‍ഗം ഏതായാലും ലക്ഷ്യമാണ് പ്രധാനം എന്ന് മനസിലുറപ്പിച്ചതോടെ, ഒരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാതിരുന്ന ആ യുവാവ്, മോഷണം മോചനത്തിനുള്ള വഴിയാക്കാന്‍ തീരുമാനിച്ചു. 

സമർത്ഥനായ മെക്കാനിക്കൽ എൻജിനിയറുടെ ബുദ്ധി, വളരെ പ്ലാൻഡായ മോഷണങ്ങൾ. പിടിവീഴാതിരിക്കാനായി എല്ലാ പഴുതുമടച്ചായിരുന്നു അവന്‍റെ പരീക്ഷണങ്ങള്‍. 

ആദ്യം സ്വന്തം ബൈക്കിൽ വെങ്കിടേഷ് ദേശീയ പാതയിലെത്തും. വണ്ടി ആളൊഴിഞ്ഞ ഇടത്ത് ഒതുക്കിവെയ്ക്കും. ഇനിയാണ് പണി ആരംഭിക്കുന്നത്. ഇളനീര് കച്ചവടം, ഹെൽമറ്റ് കച്ചവടം തുടങ്ങി വഴി വാണിഭത്തിലേർപ്പെട്ടിരിക്കുന്നവരാണ് ആദ്യഇര. ആ പട്ടിണിപ്പാവങ്ങളുടെ പിച്ചച്ചട്ടിയിലാണോ ഇവൻ കൈയിട്ട് വാരുന്നതെന്ന് ആലോചിക്കേണ്ട. അവരെല്ലാം അവന്റെ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികള്‍ മാത്രം. 

വഴി വാണിഭക്കാരുടെ ടൂവീലർ അടിച്ചുമാറ്റുകയാണ് ആദ്യപടി. റോഡുവക്കത്ത് കച്ചവടം ചെയ്യുന്നവരിൽ പലരും തങ്ങളുടെ ബൈക്കിന്റെ താക്കോൽ പലപ്പോഴും വണ്ടിയിൽ നിന്ന് എടുക്കാറില്ല. കൺമുന്നിലോ, അടുത്തോ ആണല്ലോ വാഹനമുള്ളത് എന്ന വിശ്വാസമാണ് കാരണം. അങ്ങനെ കീയുള്ള ബൈക്ക് കണ്ടെത്തി തന്ത്രപരമായി അവിടെ കറങ്ങി നിന്ന് അതിന്‍റെ താക്കോലങ്ങ് പൊക്കും. എന്നിട്ട് ഒന്നുമറിയാത്ത പോലെ നടന്നകലും. വഴിവാണിഭക്കാർ പ്രാഥമിക ആവശ്യങ്ങൾക്കോ ഭക്ഷണം കഴിക്കാനോ ഒക്കെ മാറുന്ന നേരം ഇവൻ ബൈക്കെടുത്ത് പറക്കും. ഏതെങ്കിലും ഇടവഴിയിലോ കുറ്റിക്കാട്ടിലോ ഈ വാഹനം ഒളിപ്പിക്കും. യഥാർത്ഥത്തിൽ വാഹന മോഷണമല്ല വെങ്കിടേഷിന്റെ ലക്ഷ്യം. ഇത്തരത്തിൽ കൈക്കലാക്കുന്ന ഇരുചക്ര വാഹനങ്ങളെല്ലാം വലിയ മോഷണത്തിനുള്ള ചെറിയ ടൂളുകൾ മാത്രം.

വാഹനം അടിച്ചുമാറ്റുന്നതിന് മുൻപു തന്നെ, കക്ഷി ഇടത്തരം ജുവലറികൾ നോക്കി വെച്ചിട്ടുണ്ടാവും. ക്യാമറകൾ കുറവുള്ള ഇടങ്ങളിലാണ് കൂടുതലും ഓപ്പറേഷന്‍ നടത്താറ്. തലേന്ന് അടിച്ചുമാറ്റി ഒളിപ്പിച്ചുവച്ച ബൈക്കെടുത്ത്, ഹെൽമറ്റും ധരിച്ചാണ് പണിക്കിറങ്ങുക. 

ആദ്യം, സ്വർണക്കടയ്ക്കടുത്ത് ബൈക്ക് സ്റ്റാര്‍ട്ടാക്കി നിര്‍ത്തും. ഇനിയുള്ള രക്ഷാകവചം ഹെല്‍മറ്റാണ്. രക്ഷപ്പെടുംവരെ ഹെൽമറ്റ് ഊരുന്ന പ്രശ്നമില്ല. ബാക്കി പരിപാടികളെല്ലാം അതിവേഗത്തിലാണ്. ജുവലറിയുടെ മെയിന്‍ ഡോര്‍ തുറന്നുകയറിയ ശേഷം, മുന്നിൽ ഡിസ്പ്ലേയ്ക്ക് വെച്ചിരിക്കുന്ന സ്വർണം വാരിക്കൂട്ടി ഓടും. ശേഷം സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരിക്കുന്ന ബൈക്കിൽ ചാടിക്കയറി ഒറ്റപ്പോക്കാണ്. ആര്‍ക്കും പിടികൂടാന്‍ സാവകാശം കൊടുക്കില്ല വെങ്കിടേഷ്. ബൈക്ക് അഞ്ചാറ് കിലോമീറ്റര്‍ അപ്പുറത്ത് ഉപേക്ഷിച്ച് ​ഗോൾഡുമായി വീട്ടിലേക്ക്. 

ഒറ്റപ്പാലം സ്റ്റേഷൻ പരിധിയില്‍ മാര്‍ച്ചിലായിരുന്നു ആദ്യ മോഷണം. ഹെല്‍മറ്റും മാസ്കുമുള്ളതിനാൽ ആളെ കണ്ടെത്താന്‍ പൊലീസിന് ഒരു വഴിയുമില്ല. ശരീര ഭാഷ നോക്കി കള്ളനെ തിരിച്ചറിയാനും കഴിയില്ല. കാരണം വെങ്കിടേഷിന്‍റെ പേരില്‍ അതുവരെ ഒരു കേസ് പോലുമില്ല. വഴിയോരക്കച്ചവടക്കാരുടെ ബൈക്ക് വഴിയിൽ ഉപേക്ഷിക്കുന്നതിനാല്‍ ആ വഴിക്കും അന്വേഷണം നീങ്ങില്ല. ചുരുക്കിപ്പറഞ്ഞാല്‍ പഴുതടച്ച പ്ലാനിങ്ങായിരുന്നു ഈ മെക്കാനിക്കൽ എൻജിനിയറുടേത്. 

ആദ്യമോഷണം വിജയമായതോടെ വെങ്കിടേഷ് പൂര്‍വാധികം ശക്തിയോടെ പണി തുടര്‍ന്നു. പൊലീസുകാര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും രക്ഷയില്ല. കഴിഞ്ഞ 4 മാസമായി പലയിടങ്ങളിലും ഇതേ പാറ്റേണില്‍ ആദ്യം ബൈക്ക് കാണാതാകും, ശേഷം അടുത്തുള്ള ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം മോഷണം പോയെന്ന് പരാതിയും വരും. ഒറ്റപ്പാലത്തെ മോഷണത്തിന് ശേഷം പഴയന്നൂരായിരുന്നു വെങ്കിടേഷിന്‍റെ ഓപ്പറേഷന്‍. അതും വിജയമായതോടെ അടുത്തത് പാലക്കാട് പ്ലാന്‍ ചെയ്തു. 

അങ്ങനെ വെങ്കിടേഷ് കസബ പൊലീസ് സ്റ്റേഷന്‍റെ പരിധിയില്‍ നിന്ന് ആദ്യം ബൈക്ക് പൊക്കി. പാലക്കാട് സൗത്തിലെ ഒരു ജ്വല്ലറിയില്‍ മോഷണവും നടത്തി. പ്രതി ഹെല്‍മറ്റ് വെച്ച് ബൈക്കില്‍ പറക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കസബ പൊലീസ് പലകുറി അന്വേഷിച്ചിട്ടും മുഖം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വാട്സാപ്പ് ഗ്രൂപ്പുകളിലും ഇന്‍സ്റ്റഗ്രാമിലും എഫ്ബിയിലുമെല്ലാം പ്രതി ഹെല്‍മറ്റുവെച്ച് ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ പൊലീസ് ഷെയര്‍ ചെയ്തു. ‌

അധികം വൈകാതെ പാലക്കാട് സ്റ്റേഷനിലെ പൊലീസുകാരനായ രാജീദിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. ഹെല്‍മറ്റും ധരിച്ച് ഒരു ബൈക്കിന് സമീപം വിഡിയോയില്‍ കണ്ടതുപോലെ ഒരാള്‍ നില്‍ക്കുന്നുണ്ടെന്ന് വിവരം. തലേന്ന് അടിച്ചുമാറ്റിയ ബൈക്കെടുത്ത് അടുത്ത ജ്വല്ലറിയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു വെങ്കിടേഷ്. അങ്ങനെ പൊലീസെത്തി കൈയ്യോടെ പൊക്കി. ഏറ്റവും ഒടുവിലത്തെ മോഷണത്തിനായി ഉപയോ​ഗിച്ച സ്കൂട്ടറും പാലക്കാട് സുൽത്താൻപേട്ട ഭാഗത്ത് പ്രവർത്തിക്കുന്ന ശ്രീരാജ് ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച മാലയും കണ്ടെടുത്തു. 

ആരാണ് മോഷ്ടാവെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പൊലീസിനും അല്‍ഭുതം. പിന്നീട് കസബ പൊലീസ് സ്റ്റേഷനില്‍ നടന്നത് നാടകീയ രംഗങ്ങൾ. വെങ്കിടേഷുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവതിയും പൊലീസ് സ്റ്റേഷനിലെത്തി. എല്ലാറ്റിനും പിന്നില്‍ ഈ മെക്കാനിക്കൽ എൻജിനിയറാണെന്ന് കരുതാനാവുന്നില്ല ഇപ്പോഴും ആ നാട്ടുകാര്‍ക്ക്. 

ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത, ഉന്നതവിദ്യാഭ്യാസമുള്ള ഒരു യുവാവ് കള്ളനായത് എങ്ങനെയാണ്? വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്  പണം വാങ്ങി വഞ്ചിച്ച ഏജന്റിനും അയാളെ പിടികൂടാത്ത അധികൃതര്‍ക്കും മുതല്‍ ഒരുപാടുപേര്‍ക്ക് ആ വഴിതെറ്റലില്‍ പങ്കുണ്ടാകാം. എന്നാല്‍ അതൊന്നും തന്നെ വെങ്കിടേഷിന്റെ മോഷണത്തിന് ന്യായീകരണമല്ല. നേര്‍വഴിയല്ലാത്ത ഏതുവഴിയും ഒടുവില്‍ ചെന്നെത്തുക തുറുങ്കിലാണെന്ന കാര്യം ഓര്‍ക്കാതെ പോയി എന്നതാണ് വെങ്കിടേഷിന്റെ വലിയ തെറ്റ്. അത്തരം വഴികള്‍ ആലോചിക്കുന്നവര്‍ക്കുവേണ്ട ആദ്യ ചിന്തയും അതായിരിക്കട്ടെ

ENGLISH SUMMARY:

Gold heist using mask and helmet