തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളൂവന്‍സര്‍ക്ക് നേരെ ഒട്ടേറെ വ്യാജ അക്കൗണ്ടുകളില്‍ നിന്നും സൈബര്‍ ആക്രമണമുണ്ടായെന്ന് കണ്ടെത്തല്‍. ഇത്തരം സൈബര്‍ ആക്രമണവും ആണ്‍സുഹൃത്ത് സൗഹൃദം അവസാനിപ്പിച്ചതിലെ നിരാശയും ആത്മഹത്യയ്ക്ക് കാരണമായെന്ന നിഗമനത്തില്‍ പൊലീസ്. അറസ്റ്റിലായ സുഹൃത്ത് ബിനോയിക്ക് ആത്മഹത്യാ പ്രേരണയിലും പങ്കുണ്ടോയെന്നും അന്വേഷണം തുടങ്ങി.
പതിനെട്ടുകാരിയായ ഇന്‍സ്റ്റഗ്രാം താരത്തിന്റെ ആത്മഹത്യയുടെ കാരണം തേടിയുള്ള അന്വേഷണത്തിനിെട വഴിത്തിരിവായാണ് പോക്സോ കേസെത്തിയത്. പെണ്‍കുട്ടിക്കൊപ്പം വീഡിയോ ചെയ്യുകയും അടുപ്പം പുലര്‍ത്തുകയും ചെയ്തിരുന്ന നെടുമങ്ങാട് സ്വദേശിയായ ബിനോയിയാണ് പിടിയിലായത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 18 വയസുണ്ടെങ്കിലും പ്രായപൂര്‍ത്തിയാകും മുന്‍പ് ലൈംഗിക ചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്.
ബിനോയിയെ റിമാന്‍ഡ് ചെയ്തതോടെ ആത്മഹത്യയുടെ കാരണം തേടിയുള്ള അന്വേഷണം പൊലീസ് വീണ്ടും ശക്തിപ്പെടുത്തി. മൂന്ന് കാരണങ്ങളാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്ന ബിനോയി നാല് മാസം മുന്‍പ് ആ ബന്ധം അവസാനിപ്പിച്ചു. അതേ തുടര്‍ന്നുള്ള നിരാശയാണ് ഒരു കാരണം. ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് നേരെ സൈബര്‍ ആക്രമണം ശക്തമായത് മറ്റൊരു കാരണമായി. പ്ളസ് ടു പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതാണ് മൂന്നാമത്തെ കാരണം.
സൈബര്‍ ആക്രമണം കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. ഫേക്ക് അക്കൗണ്ടുകളില്‍ നിന്ന് വ്യാപക ആക്രമണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നില്‍ ബിനോയിയാണോയെന്ന് അറിയാനുള്ള പരിശോധനയിലാണ്. അങ്ങിനെയെങ്കില്‍ ആത്മഹത്യാപ്രേരണാകേസിലും ബിനോയിയെ പ്രതി ചേര്‍ക്കും. ഫേക്ക് അക്കൗണ്ടുകളിലൂടെ അധിക്ഷേപിച്ചവരെ കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്.