ഇടുക്കി മൂന്നാറിൽ രണ്ടിടത്തായി വീണ്ടും കാറിൽ അഭ്യാസപ്രകടനം. മേഖലയിലെ മോട്ടർ വാഹനവകുപ്പിന്റെ പരിശോധന ഫലം കണ്ടില്ല. കേരള, കർണാടക, തമിഴ്നാട് റജിസ്ട്രേഷൻ വാഹനത്തിലാണ് യുവാക്കൾ അഭ്യാസപ്രകടനം നടത്തിയത്. രണ്ടാഴ്ചക്കിടെ നാലാം തവണയാണ് മൂന്നാർ ഗ്യാപ്പ് റോഡിന് സമീപം വാഹനത്തിൽ അഭ്യാസപ്രകടനം നടക്കുന്നത്. പെരിയ കനാലിന് സമീപം കാറിന്റെ ഡോറിൽ എഴുന്നേറ്റ് നിന്ന് യുവാക്കൾ മൊബൈൽ ദൃശ്യങ്ങൾ പകർത്തി. മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ കേരള കർണാടക റജിസ്‌ട്രേഷൻ വാഹനത്തിലെത്തിയ കുട്ടികളാണ് ഡോറിൽ ഇരിക്കുകയും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും ചെയ്തത്.
വാഹനത്തിലെത്തി അഭ്യാസപ്രകടനം നടത്തുന്നത് പതിവായതോടെ ഗ്യാപ്പ് റോഡ് മേഖലയിൽ മോട്ടർ വാഹന വകുപ്പ് പരിശോധനക്കായി സ്പെഷ്യൽ സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ചു വാഹനത്തിലെ അഭ്യാസം തുടരുകയാണ്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാൽ ലൈസൻസ് റദ് ചെയ്യുന്നതടക്കം കടുത്ത നടപടികളെടുക്കുമെന്ന് എൻഫോഴ്‌സ്മെന്റ് അർ ടി ഒ വ്യക്തമാക്കിയിരുന്നു. സഞ്ചാരികൾക്കായി കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ വിവിധ ഭാഷകളിൽ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കാനുള്ള നീക്കവും ഫലം കണ്ടില്ല.
നേരെത്തെ അപകടകരമായി വാഹനം ഓടിച്ച മൂന്ന് പേരുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. മേഖലയിൽ വേണ്ടത്ര ക്യാമറകൾ സ്ഥാപിക്കാത്തത് ഗതാഗത നിയമലംഘനം നടത്തുന്നവർക്ക് തുണയാവുകയാണ്. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നത് മറ്റ് സഞ്ചാരികളുടെ സുരക്ഷയെ ബാധിക്കുമെന്നും കൂടുതൽ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിക്കണമെന്നുമാണ് കച്ചവടക്കാരുടെ ആവശ്യം.