കണ്ണൂര്‍ എരഞ്ഞോളിയില്‍ ബോംബ് സ്ഫോടനത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണം. സംശയമുള്ള പലരെയും ചോദ്യം ചെയ്തെങ്കിലും അന്വേഷണസംഘത്തിന് പ്രതികളാരെന്ന് ഒരു സൂചനയുമില്ല. സിപിഎമ്മിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രദേശത്ത് ബോംബ് നിര്‍മിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപണം.
എരഞ്ഞോളിയിലെ വേലായുധന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് എട്ടാം ദിവസമാണ്. തൊട്ടടുത്ത പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയപ്പോഴാണ് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വേലായുധന്‍ മരിച്ചത്.. ബോംബാണെന്നറിയാതെ സ്റ്റീല്‍ പാത്രം കുത്തിത്തുറക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു സ്ഫോടനം. ചെറിയൊരിടവേളക്ക് ശേഷം വീണ്ടും ബോംബ് സ്ഫോടനമുണ്ടായപ്പോള്‍ പൊലീസും ബോംബ് സ്ക്വാഡും ചാടിയെണീറ്റെങ്കിലും ഒരു പ്രയോജനവുമില്ല. ബോംബ് എങ്ങനെ ഈ പറമ്പിലെത്തിയെന്നതിന് മറുപടിയില്ല പൊലീസിന്. ആര് കൊണ്ടുവന്നിട്ടു എന്നതും ഉത്തരമില്ലാത്ത ചോദ്യം. പ്രദേശമാകെ അരിച്ചുപെറുക്കിയിട്ടും കൂടുതലൊന്നും കണ്ടെത്താനുമായിട്ടില്ല. പ്രതിസ്ഥാനത്ത് സിപിഎമ്മുകാരാണെന്നും അതുകൊണ്ടാണ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതെന്നുമാണ് കോണ്‍ഗ്രസ് ആരോപണം.
മുമ്പ് ബോംബ് കേസുകളില്‍ പ്രതികളായവരെ ചോദ്യംചെയ്ത് വരുന്നുണ്ടെന്നാണ് പൊലീസിന്‍റെ വിശദീകരണം. തലശേരി സിഐയ്ക്കാണ് അന്വേഷണ ചുമതല. എരഞ്ഞോളി ഉള്‍പ്പെടെ ജില്ലയിലെ വിവിധയിടങ്ങളില്‍ തിരച്ചില്‍ പരമ്പരയാണ് പൊലീസ് നടത്തിവരുന്നത്. റെയ്ഡില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ തളിപ്പറമ്പില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതിലും അന്വേഷണം ഇഴയുകയാണ്.