മഹാരാഷ്ട്രയില്‍ പ്രതിപക്ഷം വേട്ടെടുപ്പ് അട്ടിമറി ആരോപണം ഉന്നയിച്ചതിന് പിന്നാലെ വോട്ടുകണക്കിലെ വലിയ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ആകെ പോള്‍ ചെയ്തതിനേക്കാള്‍ അഞ്ച് ലക്ഷം വോട്ടുകള്‍ അധികമായി എണ്ണിയെന്ന കണക്ക് 'ദി വയര്‍' മാഗസിനാണ് പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
Read Also: ‘5 വര്‍ഷവും ബിജെപിക്ക് വേണം’; ഫഡ്‍നാവിസിനെ തുണച്ച് അജിത് പവാര്‍; വിവിപാറ്റ് എണ്ണാന്‍ കോണ്‍ഗ്രസ്
മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലായി ആകെ പോള്‍ ചെയ്തത് 6,40,88,195 വോട്ടുകള്‍ എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്ക്. എന്നാല്‍ ഫലപ്രഖ്യാപന ദിനത്തില്‍ എണ്ണിയ വോട്ടുകള്‍ ആകട്ടെ 6,45,92,508 എന്ന സംഖ്യ. അതായത് അധികം എണ്ണിയ വോട്ടുകളുടെ എണ്ണം 5,04,313. ഈ പൊരുത്തക്കേട് എങ്ങനെ വന്നുവെന്ന ചോദ്യമാണ് ദി വയര്‍ മാഗസിന്‍റെ റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നത്. എട്ട് മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ കുറവ് വോട്ട് എണ്ണിയപ്പോള്‍ മറ്റ് 280 ഇടത്തും പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ അധികമാണ് എണ്ണിയത്.
ഒസ്മാനബാദ്, ആഷ്‍തി എന്നി മണ്ഡലങ്ങളില്‍ അധികമായി എണ്ണിയ വോട്ടുകള്‍ നാലായിരത്തിലധികം വരും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പോളിങ് ഡാറ്റയും പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്ന ഫോം 17 സിയും തമ്മില്‍ ഉയര്‍ന്ന പൊരുത്തക്കെടുകള്‍ക്ക് സമാനമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇവിഎമ്മിലെ തിരിമറി ആരോപിച്ച് രംഗത്തെത്തിയ പ്രതിപക്ഷത്തിന്‍റെ വാദങ്ങള്‍ക്ക് ബലം പകരുന്നതാണ് ഈ റിപ്പോര്‍ട്ട്.
നാന്ദേഡ് ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് പക്ഷേ ഇതുള്‍പ്പെടുന്ന ആറ് നിയമസഭാ സീറ്റിലും പരാജയപ്പെട്ടിരുന്നു. ഈ വിചിത്രമായ വോട്ടിങ് പാറ്റേണും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. തോറ്റ ഇടങ്ങളില്‍ വിവിപാറ്റ് എണ്ണണമെന്നാണ് ആവശ്യം. അതേസമയം ഇപ്പോള്‍ പുറത്തുവന്ന വോട്ടിലെ വ്യത്യാസത്തെക്കുറിച്ച് തിരിഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് ഫലം അട്ടിമറിയാണെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനും കോണ്‍ഗ്രസുമായിട്ടാണ് ഇപ്പോള്‍ പോരാട്ടമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇവിഎം മെഷീനിലൂടെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും രാജ്യം ഭരിക്കുന്നവര്‍ക്ക് കഴിഞ്ഞു. ബാലറ്റ് പേപ്പറിലൂടെ വോട്ട് ചെയ്യാന്‍ അവസരം ഉണ്ടായില്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പിലും നമ്മൾ മത്സരിച്ചിട്ട് കാര്യമില്ല. ഇതിനെതിരെ കോടതിയിൽ പോയിട്ടും കാര്യമില്ല. കോടതി പോലും ഭരണകൂടത്തിന്റെ കൈകളിലേക്ക് അമരുന്ന അവസ്ഥയാണ്. ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങള്‍ നടക്കണം. നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് പാര്‍ട്ടി ആലോചിക്കുമെന്നും രമേശ് ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.