hiv-serial-bride

പ്രതീകാത്മക ചിത്രം.

TOPICS COVERED

വിവാഹ തട്ടിപ്പിലെ പ്രധാന കണ്ണിയായ യുവതിക്ക് എച്ച്.ഐ.വി എയ്ഡ്സ് ബാധ. പല പുരുഷന്മാരെയും വിവാഹതട്ടിപ്പിന് ഇരയാക്കുകയും പിന്നീട് അവരുടെ വിലപിടിപ്പുള്ള വസ്തുക്കളും പണവും തട്ടി സ്ഥലം വിടുകയും ചെയ്യുന്ന സംഘത്തിലെ അംഗങ്ങള്‍ കഴിഞ്ഞ ദിവസം യു.പി പൊലീസിന്‍റെ പിടിയിലായിരുന്നു. ഏഴംഗ സംഘത്തെ മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് യുവതി എച്ച്.ഐ.വി പോസിറ്റീവാണെന്ന് അറിയുന്നത്.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ ഉത്തരാഖണ്ഡില്‍ നിന്ന് യുവതിയെ വിവാഹം കഴിച്ച മൂന്ന് യുവാക്കള്‍ എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് കണ്ടെത്തി.  കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്.

പിടിയിലായ ഏഴംഗ സംഘത്തില്‍ യുവതിയുടെ അമ്മയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പ്രാദേശിക ബന്ധങ്ങള്‍ ഉണ്ടാക്കിയെടുത്താണ് സംഘം ‘വിവാഹങ്ങള്‍ക്ക്’ തുടക്കമിടുന്നത്. യുവതിയുടെ ബന്ധുക്കളാണ് കൂടെയുള്ളവരെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. അഞ്ചു തവണ വിവാഹിതയായി എന്ന് യുവതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇതില്‍ മൂന്നുപേര്‍ ഉത്തരാഖണ്ഡ് സ്വദേശികളാണെന്നും യുവതി മൊഴി നല്‍കി. 

യുവതി വിവാഹതട്ടിപ്പിന് ഇരയാക്കി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട മറ്റ് പുരുഷന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ യുവതി ചികിത്സയിലാണെന്ന് ജയില്‍ സുപ്രണ്ടന്‍റ് സീതാറാം ശര്‍മ വ്യക്തമാക്കി.