three-arrested-for-dumping-

കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് കനാലില്‍ ശുചിമുറി മാലിന്യം തള്ളിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫായിസ്, പട്ടാമ്പി സ്വദേശി ഷൗക്കത്തലി, തൃശൂര്‍ സ്വദേശി ജിജോ മാത്യു എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജൂണ്‍ 18ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പുലര്‍ച്ചയോടെയാണ് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് ശുചിമുറി മാലിന്യം തള്ളിയത്. കനാലിന്‍റെ സമീപത്ത് നിരവധി വീടുകളും സ്കൂളുമുണ്ട്. ശുചിമുറി മാലിന്യം തള്ളിയതിനെ തുടര്‍ന്ന് സമീപത്തെ കിണറുകളിലെ വെള്ളം മലിനമായിരുന്നു. 

 

ടാങ്കര്‍ ലോറിയും പേരാമ്പ്ര  പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. മഞ്ഞപ്പിത്തം അടക്കമുളള പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ജനവാസമേഖലയില്‍  മാലിന്യം തള്ളിയത്. ശുചിമുറി മാലിന്യം തള്ളിയവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ബഹുജന പ്രതിഷേധവും നടന്നിരുന്നു. 

ENGLISH SUMMARY:

Three arrested for dumping toilet waste in Kozhikode Perampra Valyakode canal