fake-drugs

പാലക്കാട് കപ്പൂർ കൂനംമൂച്ചിയിൽ  അനധികൃതമായി സൂക്ഷിച്ച അലോപ്പതി മരുന്നുകൾ പിടികൂടി. പത്തിരിപ്പാല സ്വദേശിയുടെ ഉടമസ്ഥതയിൽ അനധികൃത ചികിൽസയ്ക്ക് സൂക്ഷിച്ച മരുന്നുകളെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. പാലക്കാട് ജില്ല ഡ്രഗ് ഇൻസ്പെക്ടർക്ക് ലഭിച്ച പരാതിയെ തുടർന്ന് സംസ്ഥാന ഡ്രഗ് കൺട്രോളറുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. 

 

അനധികൃതമായി സൂക്ഷിച്ച സൈക്കോ ട്രോപിക്, ഷെഡ്യൂൾ വണ്ണിൽ പെടുന്ന ആന്റിബയോട്ടിക് ഉൾപ്പെടെ കെട്ട് കണക്കിന് ആയുർവേദ മരുന്നുകളും മുറിയിലെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു. മരുന്നുകൾ സൂക്ഷിച്ചിരുന്നതിനൊപ്പം യാതൊരുവിധ അംഗീകാരവുമില്ലാതെ പത്തിരിപ്പാല സ്വദേശി ചികിൽസ നടത്തി മരുന്ന് വിതരണം ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

പാറക്കൽപള്ളി കമ്മിറ്റി ഭാരവാഹികളുടെയും നാട്ടുകാരുടെയും പരാതിയിലായിരുന്നു

ജില്ലാ ഡ്രഗ്  ഇൻസ്പെക്ടർമാരായ ഡി.ദിവ്യ , എ.കെ ലിജീഷ്, എ കെ ഷഫ്നാസ് എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തിയത്. വൈകീട്ട് തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടു. പിടിച്ചെടുത്ത മരുന്ന് പട്ടാമ്പി കോടതിയിൽ ഹാജരാക്കും. തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

വ്യാജ മരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയിൽ ചാലിശ്ശേരി പൊലീസ് ഒരാഴ്ച മുൻപ് ഇതേ മുറിയിൽ പരിശോധന

നടത്തിയിരുന്നു. പിന്നാലെ സ്ഥാപനം നടത്തിയിരുന്ന പത്തിരിപ്പാല സ്വദേശി ഒളിവിൽ പോയി. ഡ്രഗ് വിഭാഗം ഉദ്യോഗസ്ഥർക്കൊപ്പം

പൊലീസ് എത്തിയാണ് മുറി തുറന്നു പരിശോധന നടത്തിയത്. സമാനമായി ഇയാൾ പത്തിരിപ്പാലയിലും ചികിത്സ നടത്തുന്നുണ്ടെന്നാണ് വിവരം. വ്യാജവൈദ്യ ചികിൽസയ്ക്കപ്പുറം മന്ത്രവാദവും നടത്താറുണ്ടെന്ന് നാട്ടുകാർ.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരാണ് ഇവിടേക്ക് എത്തുന്നതെന്നും നാട്ടുകാർ ഉദ്യോഗസ്ഥരെ അറിയിച്ചു.

ENGLISH SUMMARY:

Illegally stored allopathic medicines seized