കോഴിക്കോട് ഓമശേരിയില്‍ അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക്, യുവാവിന്റെ ക്രൂരമർദനം. ആക്രമണത്തില്‍ യുവതിയുടെ കണ്ണിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ ഓമശേരി സ്വദേശി മിർഷാദിനെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തു.
ഇന്‍സ്റ്റഗ്രാമിലൂടെ യുവതിക്ക് മിര്‍ഷാദ് പതിവായി അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇത് പലവട്ടം വിലക്കിയിട്ടും മിര്‍ഷാദ് വകവച്ചില്ല. മാത്രമല്ല, വഴിയില്‍ വച്ച് കാണുമ്പോഴെല്ലാം മോശമായി പെരുമാറുകയും ചെയ്തു. ശല്യം സഹിക്കവയ്യാതെ വിവരം യുവതി മിര്‍ഷാദിന്‍റെ രക്ഷിതാക്കളെ അറിയിച്ചു. ഇതിന് പിന്നാലെയാണ് എ.ടി.എമ്മില്‍ പോയി മടങ്ങി വന്ന യുവതിയെ മിര്‍ഷാദ് ആക്രമിച്ചത്.
ദേഹോപദ്രവം ഏല്‍പ്പിക്കുക, ലൈംഗികമായി അധിക്ഷേപിക്കുക തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്നും വൈകാതെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.