കളിയിക്കാവിള ക്വാറി ഉടമയുടെ കൊലപാതകത്തില്‍ ഒരാള്‍കൂടി പിടിയില്‍. ഒളിവിലുള്ള മുഖ്യപ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനാണ് പിടിയിലായത്. ദീപുവിന്‍റേത് ക്വട്ടേഷന്‍ കൊലയാണെന്നും പണം തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പൊലീസ് ഉറപ്പിക്കുന്നു.
നെയ്യാറ്റിന്‍കരയിലും പാറശാലയിലും സര്‍ജിക്കല്‍ ഷോപ്പ് നടത്തുന്ന സുനിലാണ് ദീപുവിനെ കൊല്ലാനുള്ള സര്‍ജിക്കല്‍ ബ്ളേഡും കൊലയ്ക്ക് ശേഷം മാറാനുള്ള വസ്ത്രവും അമ്പിളിക്ക് നല്‍കിയത്. കൊലയ്ക്ക് ശേഷം രക്ഷപെടാനായി കാറില്‍ കൂട്ടിക്കൊണ്ടുവരാമെന്നും സുനില്‍ പറഞ്ഞിരുന്നതായാണ് സൂചന. ദീപുവുമായുള്ള പരിചയം മുതലെടുത്താണ് കൊലപാതകം. അതുകൊണ്ട് അമ്പിളിക്ക് അപ്പുറം സുനിലിന് ദീപുവുമായി അടുപ്പമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ദീപു കൊണ്ടുപോയ പണത്തിന്റെ ഒരു ഭാഗം പ്രതി അമ്പിളിയുടെ വീട്ടില്‍ നിന്നും പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു. 10 ലക്ഷം രൂപയാണ് ദീപുവിന്‍റെ കാറിലുണ്ടായിരുന്നത്. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് അമ്പിളി ദീപുവിന്‍റെ കഴുത്തറുത്തുവെന്നാണ് നിഗമനം. എന്നാല്‍ അമ്പിളി ഒറ്റയ്ക്ക് ഈ കൃത്യം ചെയ്തെന്ന് കരുതുന്നില്ലെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കടബാധ്യത മൂലം ജീവിതം പ്രതിസന്ധിയിലായ ദീപു, കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിക്കാൻ വേണ്ടിയാണ് കൊലപ്പെടുത്താൻ തന്നോട് ആവശ്യപ്പെട്ടതെന്നാണ് അമ്പിളി കൂട്ടുപ്രതികളെ രക്ഷിക്കുന്നതിനായി മൊഴി നല്‍കിയിരുന്നത്.