vijayan-family-kpcc

വീട്ടിലെത്തി സന്ദര്‍ശിച്ച നേതാക്കളുടെ വാക്ക് വിശ്വസിക്കുകയാണെന്ന് വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍.എം.വിജയന്‍റെ കുടുംബം. എല്ലാം നല്ലരീതിയില്‍ ചെയ്യാമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി. നേതാക്കള്‍ വന്നതില്‍ തൃപ്തിയുണ്ട്. വാക്ക് വിശ്വസിക്കുന്നുവെന്നും കുടുംബം മനോരമന്യൂസിനോട് പറഞ്ഞു. പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് എന്‍.എം.വിജയന്‍റെ വീട്ടിലെത്തിയ ശേഷം കെപിസിസി അന്വേഷണസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കുടുംബത്തിന് പറയാനുള്ളതെല്ലാം കേട്ടുവെന്നും എല്ലാകാര്യത്തിലും പരിഹാരമുണ്ടാക്കാനാണ് ആലോചിക്കുന്നെതന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അന്വേഷണം നീതിപൂര്‍വം നടക്കട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 

കെപിസിസി പ്രസിഡന്‍റിന്‍റെ  നിർദ്ദേശാനുസരണം ആണ് അന്വേഷണം നടക്കുന്നതെന്നും വിജയന്‍റെ കത്ത് ലഭിച്ചതോടെയാണ് ഗൗരവം മനസിലാക്കിയതെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കുടുംബം പങ്കുവച്ച വിവരങ്ങള്‍ കെപിസിസി നേതൃത്വത്തെ അറിയിക്കുമെന്നും കോണ്‍ഗ്രസിന് വേണ്ടി ജീവിച്ചു മരിച്ച വിജയനൊപ്പം പാര്‍ട്ടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.