kuzhal-valayar

രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന അറുപത്തി നാലര ലക്ഷം രൂപയുമായി ഹൈദരാബാദുകാരൻ വാളയാറിൽ പിടിയിൽ. രാമശേഖർ റെഡ്ഢിയാണ് എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെ കുടുങ്ങിയത്. ഹൈദരാബാദിൽ നിന്നും കുമളിയിലേക്ക് സുഗന്ധവ്യഞ്ജന ഇടപാടിനായി കൊണ്ടുവന്ന പണമെന്നായിരുന്നു വിശദീകരണം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

വാളയാറില്‍ എക്സൈസിന്റെ പതിവ് വാഹന പരിശോധന. ഹൈദരാബാദില്‍ നിന്നും കൊച്ചിയിലേക്കുള്ള സ്വകാര്യ യാത്രാബസിലും ഉദ്യോഗസ്ഥരുടെ ശ്രദ്ധയെത്തി. ബാഗ് തലയിണയാക്കി ഉറക്കത്തിലായിരുന്നു രാമശേഖര്‍ റെഡ്ഢി. ഉദ്യോഗസ്ഥര്‍ തട്ടിയുണര്‍ത്തിയതോടെ കൊച്ചിയിലേക്കുള്ള യാത്രയെന്നറിയിച്ച് വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു. ബാഗ് പരിശോധിച്ച ശേഷം ഉറങ്ങിക്കോളൂ എന്നായി എക്സൈസ് സംഘം. പിന്നാലെ ബാഗ് തുറക്കുമ്പോള്‍ ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ചിട്ടുള്ള മൂന്ന് കെട്ടുകള്‍. കഞ്ചാവെന്ന് സംശയിച്ച് പൊതിക്കെട്ട് തുറക്കുന്നതിനിടയില്‍ രാമശേഖര്‍ പറഞ്ഞു. അതിനുള്ളില്‍ ലഹരിയല്ല. കരുതിവച്ചിരിക്കുന്നത് പണമാണെന്ന്. എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ അറുപത്തി നാലര ലക്ഷം മൂല്യം. ഹൈദരാബാദില്‍ നിന്നും കൊച്ചിയിലെത്തി അവിടെ നിന്നും കുമളിയിലേക്ക് സുഗന്ധ വ്യഞ്ജന ഇടപാടിനായി കൊണ്ടുപോയ പണമെന്ന് വിശദീകരണം. ഉദ്യോഗസ്ഥരെ കാണിക്കാന്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഒരു തുണ്ട് കടലാസ് പോലും കയ്യിലുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.  

ആദ്യമായാണ് കേരളത്തിലേക്ക് ഇത്തരത്തിലൊരു യാത്രയെന്നാണ് യുവാവിന്റെ വിശദീകരണം. കൂടുതല്‍ അന്വേഷണത്തിനായി പണവും രാമശേഖർ റെഡ്ഡിയെയും ആദായ നികുതി വകുപ്പിന് കൈമാറി.