TOPICS COVERED

ഹൈബ്രിഡ് തായി ഗോൾഡ് കടത്തിയ തലവനടക്കം രണ്ടുപേർ മലപ്പുറത്ത് പിടിയിൽ. കണ്ണൂർ കാഞ്ഞിരോട് തലമുണ്ട സ്വദേശി ജാഫർ അബ്ദുല്ല, കണ്ണൂർ പിണറായി സ്വദേശി മുഹമ്മദ് റാഷിദ് എന്നിവരാണ് പിടിയിലായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

വിദേശത്തേക്ക് ലഹരി വസ്തുക്കൾ കടത്തുന്ന രാജ്യാന്തര ലഹരി കടത്ത് സംഘത്തിലെ തലവൻ അടക്കം രണ്ടുപേരാണ് പൊലീസിന്റെ പിടിയിലായത്. റാഷിദിനെ കണ്ണൂർ പിണറായിലെ വീട്ടിൽ നിന്നും ദുബായിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയും ജാസർ അബ്ദുള്ളയെ മുംബൈ എയർപോർട്ടിൽ നിന്നുമാണ് പിടികൂടിയത്. ഒരാഴ്ച മുൻപാണ് 45 ലക്ഷം വില വരുന്ന ഹൈബ്രിഡ് ലഹരി മരുന്നായ ഗോൾഡുമായി കണ്ണൂർ സ്വദേശികളായ റാമിസ്, റിയാസ് എന്നിവർ പൊലീസിന്റെ പിടിയിലാകുന്നത്. ട്രോളി ബാഗിൽ ലഹരി മരുന്ന് കൊണ്ടുപോകാൻ തയ്യാറാക്കുന്നതിനിടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നാണ് വയനാട് സ്വദേശിയായ ഡെന്നിയുടെ പങ്ക് വ്യക്തമാകുന്നത്. തുടർന്ന് ഇയാളെയും വയനാട്ടിലെ വീട്ടിൽ നിന്നും പിടികൂടി. തായി ഗോൾഡ് എന്നറിയപ്പെടുന്ന 4.8 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽനിന്ന് പിടികൂടിയത്. ജില്ലയിൽ ആദ്യമായാണ് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്.

സ്വർണ്ണം കിടത്താൻ ക്യാരിയർമാരായാൽ നല്ല പ്രതിഫലം നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് സംഘം ഇരകളെ കണ്ടെത്തുന്നത്. തുടർന്ന് അവരറിയാതെ ബാഗുകളിൽ ലഹരി മരുന്നും തയ്യാറാക്കി വിദേശത്തേക്ക് കടത്തുന്നതാണ് രീതി. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും എയർപോർട്ട് കേന്ദ്രീകരിച്ച് ലഹരി കടത്തുന്ന സംഘങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.