TOPICS COVERED

മാന്നാറിലെ അരുംകൊലയ്ക്ക് കാരണം കലയ്ക്ക് പരപുരുഷ ബന്ധമെന്ന ഭര്‍ത്താവ് അനിലിന്റെ സംശയം. സ്നേഹം നടിച്ച് കാറില്‍ കയറ്റിയ ശേഷം മദ്യം നല്‍കിയ മയക്കി കഴുത്തുഞെരിച്ച് കൊന്നെന്നാണ് പൊലീസ് നിഗമനം. ഭര്‍ത്താവിനെ ഒന്നാം പ്രതിയാക്കിയ എഫ്.ഐ.ആര്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. കൊന്ന് സെപ്ടിക് ടാങ്കില്‍ തള്ളിയ ശേഷം, കല മറ്റൊരാള്‍ക്കൊപ്പം ജീവിക്കുന്നതായി പ്രചരിപ്പിച്ചാണ് ഭര്‍ത്താവ് അനില്‍ പതിനഞ്ച് വര്‍ഷത്തോളം കവചം തീര്‍ത്തത്. അനിലിന്റെ മാതാപിതാക്കളും ക്രൂരഹത്യ അറിഞ്ഞോയെന്നതില്‍ പൊലീസ് അന്വേഷണം തുടങ്ങി. 

പ്രണയം, വിവാഹം, സംശയം, അരുംകൊല, വീട്ടിനുള്ളില്‍ മറവ് ചെയ്യല്‍, പതിനഞ്ചാം വര്‍ഷം സത്യം തെളിയല്‍...സസ്പെന്‍സ് ത്രില്ലര്‍ സിനിമകളേപ്പോലും വെല്ലുന്നതാണ് മാന്നാറിലെ കൊലപാതകത്തിന്റെ പിന്നാമ്പുറം. വ്യത്യസ്ത സമുദായത്തില്‍പെട്ടവരായിരുന്നു അനിലും കലയും. വീട്ടുകാരുടെ എതിര്‍പ്പെല്ലാം അവഗണിച്ച് 2006ല്‍ ഒരുമിച്ച് താമസം തുടങ്ങി. കുട്ടിയുണ്ടായ ശേഷം അനില്‍ ജോലി തേടി ദക്ഷിണാഫ്രിക്കയിലേക്ക് പോയി. ഇതിനിടെ കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വീട്ടുകാര്‍ അനിലിനെ വിളിച്ചുവരുത്തി. കൊല്ലാനുറച്ചാണ് 2009ല്‍ അനില്‍ നാട്ടിലെത്തിയത്. വിനോദയാത്രക്കെന്ന പേരില്‍ കലയേക്കൂട്ടി എറണാകുളത്തേക്ക് പോയി. തിരികെ വരുന്ന വഴി വീട്ടില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള വലിയ പെരംമ്പുഴ പാലത്തില്‍ വച്ച് കൊലപ്പെടുത്തി.

മദ്യം നല്‍കി മയക്കിയ ശേഷം തുണികൊണ്ട് കഴുത്തുഞെരിച്ച് കൊന്നെന്നാണ് പൊലീസിന്റെ നിഗമനം. അനിലിനെ കൂടാതെ അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ജിനു, സോമന്‍, പ്രമോദ് എന്നിവര്‍ക്കും കൊലപാതകത്തില്‍  പങ്കെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഇവര്‍ പിടിയിലാണ്. 

കൊലപാതക യാത്രയില്‍ എറണാകുളത്ത് നിന്ന് തിരിക്കുമ്പോള്‍ അനിലും കലയും മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. അതിനാല്‍ ഭര്‍ത്താവ് ഒറ്റക്കാണോ അതോ സുഹൃത്തുക്കളും ചേര്‍ന്നാണോ കൊല നടത്തിയത് എന്നതില്‍ വ്യക്തത വരാനുണ്ട്.

കൊലപാതകത്തിലെ പങ്കില്‍ വ്യക്തത ഇല്ലങ്കിലും മൃതദേഹം മറവ് ചെയ്യാന്‍ മറ്റുള്ളവരുമുണ്ടെന്ന് സ്ഥിരീകരിച്ചു. അനിലും മാതാപിതാക്കളും അനിലിന്റെ കുട്ടിയും താമസിക്കുന്ന വീടിന്റെ ശുചിമുറിയുടെ സെപ്ടിക് ടാങ്കിലാണ് മൃതദേഹം ഉപേക്ഷിച്ചത്. മൃതദേഹം പലതായി മുറിച്ച് പലയിടത്ത് ഉപേക്ഷിച്ചോ എന്നും സംശയിക്കുന്നു. അതിനാല്‍ പ്രതികളെ ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കുഴിച്ച് പരിശോധിച്ചേക്കും.

കുടുംബമായി താമസിക്കുന്ന വീടിന്റെ മുറ്റത്ത് മൃതദേഹം ഉപേക്ഷിച്ചിട്ടും മറ്റാരും അറിഞ്ഞില്ലെന്നാണ് അനിലിന്റെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നത്. ഇക്കാര്യം പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. അതിനാല്‍ കൂടുതല്‍ പ്രതികളുണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. 

ENGLISH SUMMARY:

Alappuzha woman missing for 15 years was killed, dumped in septic tank