കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഓഫിസിലെ ലൈന്‍മാനെ മര്‍ദിച്ച സംഭവത്തില്‍ പ്രതി അജ്മലിന്റെ വീട്ടിലേക്കുള്ള വൈദ്യതി ബന്ധം വിച്ഛേദിക്കാന്‍ ചെയര്‍മാന്റെ നിര്‍ദേശം. കെഎസ്ഇബിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അക്രമത്തിന്റെ പേരിൽ വൈദ്യുതി വിച്ഛേദിക്കുന്നത്. ആക്രമണത്തില്‍ അസി.എൻജിനീയർ ഉൾപ്പെടെ നാലുപേർക്ക് മർദ്ദനമേറ്റിരുന്നു. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്ന് അജ്‌മലിന്‍റെ വീട്ടിലെ കണക്ഷന്‍ കഴിഞ്ഞദിവസം കെഎസ്ഇബി അധികൃതര്‍ വിച്ഛേദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കണക്ഷന്‍ വിച്ഛേദിച്ച ലൈന്‍മാന്‍ പ്രശാന്തിനെയും അനന്തുവിനെയും ഇയാള്‍ ഇന്നലെ മര്‍ദിച്ചത്. ഇതില്‍ കേസെടുത്തതില്‍ പ്രകോപിതനായ അജ്മല്‍ ഇന്ന് രാവിലെ കെ.എസ്.ഇ.ബി ഓഫീസ് ആക്രമിക്കുകയായിരുന്നു. ഇയാളും കൂട്ടാളിയും ചേര്‍ന്ന് അസിസ്റ്റന്‍റ് എന്‍ജീനിയര്‍ പ്രശാന്തിനെ കയ്യേറ്റം ചെയ്യുകയും മലിനജലം ദേഹത്ത് ഒഴിക്കുകയും ചെയ്തു

ഓഫീസിലെ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും തകര്‍ത്തു. പരിക്കേറ്റ അസിസ്റ്റന്‍റ് എന്‍ജീനിയര്‍ പ്രശാന്തിനെ മുക്കം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജ്‌മല്‍ സ്ഥിരമായി കുടിശ്ശിക വരുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നും അധികൃതര്‍ പറഞ്ഞു. അതിക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാര്‍ പ്രകടനം നടത്തി.

ENGLISH SUMMARY:

Attacking KSEB office; chairman instructed to cut off the electricity connection to the house of accused Ajmal.