criiime

TOPICS COVERED

വഴക്കിനെത്തുടര്‍ന്ന് ലിവ് ഇന്‍ പങ്കാളിയെ തീകൊളുത്തിയ കേസില്‍ യുവാവിനെതിരെ കേസ്. മഹാരാഷ്ട്രയിലെ താനെയിലെ വാഗ്ലെ എസ്റ്റേറ്റ് പ്രദേശത്താണ് സംഭവം നടന്നത്. മറ്റൊരു വിവാഹം കഴിച്ചതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ യുവതിയെ തീകൊളുത്തുകയായിരുന്നു. 

വർഷങ്ങൾക്ക് മുമ്പ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷമാണ് യുവതി പ്രതിയോടൊപ്പം താമസമാക്കിയത്. എന്നാല്‍ യുവതി അറിയാതെ ഇയാള്‍  നാട്ടിലേക്ക് പോയി രഹസ്യമായി മറ്റൊരു വിവാഹം കഴിച്ചു. ഇത് യുവതി അറിഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുന്നത്. മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞ് പ്രകോപിതയായ യുവതിയും യുവാവുമായി വാക്കുതര്‍ക്കം ഉണ്ടായി.

വഴക്കിനിടെ ഭയപ്പെടുത്താനായി യുവതി സ്വന്തം ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ചു. രോഷാകുലനായ പ്രതി അവളുടെ മേൽ ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ച് എറിയുകയായിരുന്നു.  

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ 32 കാരിയായ യുവതി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 109(1) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Man Sets Live-In Partner On Fire After Fight In Maharashtra, Cops File Case