കൊച്ചിയില്‍ ഭീതിപരത്തി പാഞ്ഞ തീതുപ്പുന്ന ബൈക്കിന്‍റെ റജിസ്ട്രേഷനും ഉടമയുടെ ലൈസന്‍സും മോട്ടോര്‍വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്യും. തിരുവനന്തപുരം സ്വദേശി കിരണ്‍ജ്യോതിക്കെതിരെയാണ് എറണാകുളം എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒയുടെ നടപടി. കഴിഞ്ഞയാഴ്ച നടന്ന അപകടയാത്രയുടെ ദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അന്വേഷണം. ഇടപ്പള്ളി കളമശേരി റോഡിലൂടെയാണ് കഴിഞ്ഞദിവസം തീചീറ്റിച്ചുള്ള ബൈക്കിന്‍റെ യാത്ര. കാതടപ്പിക്കുന്ന ശബ്ദവും സൈലന്‍സറിലൂടെ തുടരെ തുടരെ തീയും പറന്നതോടെ പിന്നാലെയുണ്ടായിരുന്ന കാറിലെ യാത്രക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. വണ്ടിയോടിച്ച ആളാരാണെന്ന് മനസിലായില്ലെങ്കിലും ബൈക്കിന്‍റെ നമ്പര്‍ വ്യക്തം.

അന്വേഷണത്തില്‍ വാഹനം തിരുവനന്തപുരം സ്വദേശിയുടേതാണെന്ന് കണ്ടെത്തി. ഇദ്ദേഹത്തിന്‍റെ മകന്‍ കിരണ്‍ജ്യോതിയാണ് ബൈക്ക് ഓടിച്ചതെന്നും സ്ഥിരീകരിച്ചു. ചെന്നൈയില്‍ ജോലി ചെയ്യുന്ന കിരണിനെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ടു. ബൈക്കോടിച്ചത് താനാണെന്ന് കിരണ്‍ സമ്മതിച്ചു. വ്യാഴാഴ്ച്ച എറണാകുളം ആര്‍ടിഒ ഓഫിസില്‍ കിരണിനോട് ഹാജരാകാനാണ് നിര്‍ദേശം. വാഹനവും പിടിച്ചെടുക്കും. ബൈക്കില്‍ രൂപമാറ്റം വരുത്തിയതിന് പുറമെ അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സര്‍ ഘടിപ്പിച്ചതുള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 

ENGLISH SUMMARY:

The Department of Motor Vehicles will suspend the registration and owner's license of the bike with fire