വിദ്യാർഥിക്ക് ഗുരുതര ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടർന്ന് പന്തളത്തെ സ്വകാര്യ ഹോട്ടൽ പൂട്ടി. പന്തളം മെഡിക്കൽ മിഷൻ ജംക്‌ഷനിലെ ഫലക് മജ്‌ലിസ് ഹോട്ടലാണ് പൂട്ടിയത്. ഇറച്ചി മസാല പുരട്ടുന്നതടക്കം പല ഭക്ഷണസാധനങ്ങളും തയാറാക്കിയിരുന്നത് ശുചിമുറി പൈപ്പിന് സമീപം ആണെന്നു കണ്ടെത്തി. പന്തളം മന്നം ആയുർവേദ കോളജിലെ വിദ്യാർഥിയായ പുണെ സ്വദേശിക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹെൽത്ത് കാർഡ്, വെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഇല്ലെന്നും കണ്ടെത്തി. ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തനമെന്നും പന്തളം നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി.