Untitled design - 1

പ്രതീകാത്മക ചിത്രം

മലപ്പുറം തിരൂർ സപ്ലൈകോ ഗോഡൗണിൽ കോടികളുടെ ഭക്ഷ്യധാന്യം മോഷണം പോയി. സപ്ലൈകോയിൽ പ്രതിസന്ധി തുടരുന്നതിനിടെയാണ് റേഷൻ വിതരണത്തിന് എത്തിച്ച സാധനങ്ങൾ ഉൾപ്പെടെ മോഷണം പോയത്. സംഭവത്തില്‍ ഒഎസി ഉൾപ്പെടെ 8 ജീവനക്കാരെ അന്വേഷണ വിധേയമായി  സസ്പെൻഡ് ചെയ്തു.

 

തിരൂർ കടുങ്ങാത്തുകുണ്ടിലെ സപ്ലൈകോ ഗോഡൗണിലാണ് രണ്ടേമുക്കാൽ കോടിയുടെ ഭക്ഷ്യസാധനങ്ങൾ മോഷണം പോയത്. ജില്ലയിലെ 269 റേഷൻ കടകളിലേക്ക് വിതരണം ചെയ്യാനുള്ള മട്ട അരി പുഴുക്കലരി എന്നീ ധാന്യങ്ങളാണ് കാണാതായത്. സപ്ലൈകോ കഴിഞ്ഞ ഏപ്രിൽ നടത്തിയ സ്റ്റോക്ക് വേരിഫിക്കേഷനിലാണ് അരി ഉൾപ്പെടെ രണ്ടേമുക്കാൽ കോടിയുടെ റേഷൻ സാധനങ്ങൾ കാണാതായതായി കണ്ടെത്തിയത്. സപ്ലൈകൊ കോഴിക്കോട് ജില്ലാ സീനിയർ സൂപ്രണ്ടിനെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഓഡിറ്റ് റിപ്പോർട്ട് കൃത്യമാണെന്ന് തെളിഞ്ഞു. തുടർന്ന് തിരൂർ ഡിപ്പോ മാനേജർ സാധനങ്ങൾ കാണാനില്ലെന്ന്പറഞ്ഞു പൊലീസിൽ പരാതി നൽകുകയായിരുന്നു. 

സാധനങ്ങൾ കാണാനില്ലെന്നും സംഭവത്തിൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം എന്നുമായിരുന്നു ഡിപ്പോ മാനേജരുടെ പരാതി. ഇതോടെ പൊലീസ് ഗോഡൗണിലെ 8 ജീവനക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ 8 ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം താനൂർ ഡിവൈഎസ്പി ബെന്നിയാണ് കേസ് അന്വേഷിക്കുന്നത്. ഒരു വർഷത്തിൽ ഏകദേശം പതിനാലായിരത്തോളം ലോഡ് സാധനങ്ങൾ പുറത്തേക്ക് പോകുന്നുണ്ട്. നിലവിൽ ഉണ്ടായ സംഭവം രണ്ടോ മൂന്നോ വർഷം കൊണ്ട് നടന്നതാകാം എന്നാണ് നിഗമനം. 

ഇതിനിടെ പുറത്തേക്ക് പോയ ലോഡ് വിവരങ്ങൾ അടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്. ജീവനക്കാരെ കൂടാതെ കരാറുകാരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനാണ് തീരുമാനം. സാധനങ്ങൾ കൊണ്ടു പോകുന്ന വഴി റേഷൻ കടയിൽ എത്തുന്നതിനു മുൻപ് 100 കിലോവിൽ നിന്ന് ശരാശരി 200 ഗ്രാം എങ്കിലും നഷ്ടമാകുമെന്നാണ് ജീവനക്കാരുടെ വാദം. ഇങ്ങനെ വർഷത്തിൽ വലിയൊരു ശതമാനം നഷ്ടം സ്വാഭാവികമായി സംഭവിക്കുമെന്നും ജീവനക്കാർ പറയുന്നു. 

ENGLISH SUMMARY:

Ration goods worth more than two and three quarters crore rupees stored in the Supplyco godown are missing.