ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പി.വി അൻവർ എം.എൽ.എയുടെ ഗുരുതര ആരോപണത്തിൽ മൊഴി രേഖപ്പെടുത്തി പൊലീസ്. 10 മണിക്കൂറിൽ അധികം നീണ്ട മൊഴിയെടുപ്പിൽ എല്ലാ തെളിവുകളും നൽകിയതായി അൻവർ പറഞ്ഞു. മൊഴിയെടുപ്പിന്‍റെ ആദ്യഘട്ടമാണ് പൂർത്തിയായതെന്നും അടുത്തഘട്ടത്തിൽ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും അൻവർ വ്യക്തമാക്കി.
പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയടക്കം ഗുരുതര ആരോപണങ്ങളുമായി പി.വി. അന്‍വര്‍ എംഎല്‍എ രംഗത്ത് എത്തിയതോടെയാണ് വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടന്നത്. ആരോപണമുന്നയിച്ച വിഷയങ്ങളിൽ തെളിവുകൾ ഡിഐജിക്ക് കൈമാറിയെന്നു പറഞ്ഞ അൻവർ പൊലീസിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. സ്വർണ്ണക്കടത്തിൽ ഉൾപ്പെട്ട സ്ത്രീകളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ക്രൂര ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയെന്നാണ് അൻവറിന്റെ ആരോപണം.
കോട്ടക്കലിൽ നിർമ്മിച്ച പൊലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിൽ സുജിത് ദാസ് ക്രമക്കേടുകൾ നടത്തിയെന്നും അൻവർ ആരോപിച്ചു. മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും നല്‍കിയ പരാതിയില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ പേര് ഒഴിവാക്കിയിരുന്നു. പി. ശശിയുടെ പേര് കൂടി ചേര്‍ത്ത് പുതിയ പരാതി നല്‍കുമെന്ന് പി.വി. അന്‍വര്‍ പിന്നീട് അറിയിച്ചിരുന്നു.