TOPICS COVERED

കൊല്ലം പുനലൂരിൽ മുപ്പതു കിലോ കഞ്ചാവുമായി കാപ്പ കേസ് പ്രതി ഉൾപ്പെടെ മൂന്നുപേര്‍ പിടിയിലായി. ഒഡ‍ീഷയില്‍ നിന്നെത്തിച്ച കഞ്ചാവ് വില്‍പനയ്ക്കായി തരംതിരിക്കുന്നതിനിടെയായായിരുന്നു അറസ്റ്റ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

കൊല്ലം റൂറൽ ഡാൻസാഫ് ടീമും പുനലൂർ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പുനലൂർ മുസാവരിക്കുന്നിൽ ചരുവിളപുത്തൻവീട്ടിൽ 41 വയസുളള അലുവ ഷാനവാസ്‌ എന്ന ഷാനവാസ്‌, കുര്യോട്ടുമല അഞ്ജന ഭവനിൽ 24 വയസുള്ള വിഷ്ണു എന്ന അജിത്ത്, ചെമ്മന്തൂർ ഫൈസൽ മൻസിലിൽ 22 വയസുള്ള ജെസ്സിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഞ്ചാവ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷാനവാസ്. കാപ്പ നടപടി കഴിഞ്ഞ് അടുത്തിടെയാണ് ജയിൽ മോചിതനായതെന്ന് പൊലീസ് അറിയിച്ചു. 

ഒഡീഷയില്‍ നിന്നാണ് പ്രതികള്‍ മുപ്പതു കിലോ കഞ്ചാവ് കൊണ്ടുവന്നത്. പ്രതിയായ വിഷ്ണുവിന്റെ വീട്ടിൽ വച്ച് വീതം വയ്ക്കുന്നതിനിടെയാണ് പൊലീസ് സംഘം വീട് വളഞ്ഞത്. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു