കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ നിരവധി സംശയങ്ങളുമായി കുടുംബം. 21ന് രാത്രിയാണ് 24കാരിയായ ശ്രുതിയെ ഭര്‍ത്താവ് കാര്‍ത്തിക്കിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ തൂങ്ങി മരിച്ചതല്ലെന്നും അന്നു രാത്രി അവിടെ സംഭവിച്ചതെന്തെന്ന് കണ്ടെത്തണമെന്നും കുടുംബം പറയുന്നു. അമ്മയ്ക്ക് ശ്രുതി അയച്ച സന്ദേശങ്ങളെല്ലാം നാഗര്‍കോവില്‍ ആര്‍ഡിഒക്ക് കൈമാറിയിട്ടുണ്ട്. മരിക്കുന്നതിനു മുന്‍പ് ശ്രുതി അയച്ച ശബ്ദസന്ദേശങ്ങളുള്‍പ്പെടെയാണ് ആര്‍ഡിഒക്ക് കൈമാറിയത്.
ശ്രുതി മരിച്ചതിനു പിന്നാലെ ഭര്‍തൃമാതാവ് ചെമ്പകവല്ലി വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു, ഇതാണ് കുടുംബത്തിന്റെ സംശയത്തിന് ആഴം കൂട്ടുന്നത്. അന്ന് രാത്രി കാര്‍ത്തിക്കിന്റെ വീട്ടില്‍ സംഭവിച്ചതെന്തെന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ശ്രുതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും. അതിനു ശേഷം നടപടി സ്വീകരിക്കാമെന്ന് ആര്‍ഡിഒ കുടുംബത്തെ അറിയിച്ചു. നവംബര്‍ ഏഴിന് വീണ്ടും ഹാജരാകാന്‍ ആര്‍ഡിഒ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കേസിലെ പ്രധാനപ്രതി മരിച്ചത് അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയും ശ്രുതിയുടെ കുടുംബത്തിനുണ്ട്. 21ന് രാത്രി ആ വീട്ടില്‍ എന്തു സംഭവിച്ചെന്ന് മൂന്നുപേര്‍ക്കേ അറിയാവൂ, അതില്‍ രണ്ടുപേരും മരിച്ചു, ഇനി ശ്രുതിയുടെ ഭര്‍ത്താവ് കാര്‍ത്തിക്കിനെ വിശദമായി ചോദ്യം ചെയ്താലേ കാര്യങ്ങള്‍ പുറത്തുവരികയുള്ളൂവെന്നും കുടുംബം പറയുന്നു. ശ്രുതി തൂങ്ങി മരിച്ചെന്നു കാര്‍ത്തിക്കിന്റെ കുടുംബം പറഞ്ഞ കാര്യം മാത്രമേ എല്ലാവര്‍ക്കും അറിയു. മകള്‍ ജീവനൊടുക്കില്ല, അത്രയും ഉയരത്തിലുള്ള കമ്പിയില്‍ കയര്‍ കുരുക്കാനൊന്നും മകള്‍ക്ക് കഴിയില്ലെന്നും ശ്രുതിയുടെ അച്ഛന്‍ പറയുന്നു. കാര്‍ത്തിക്കിന്റെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് ആര്‍ഡിഒ അറിയിച്ചു. കോയമ്പത്തൂരിലാണ് ബാബുവും കുടുംബവും താമസിക്കുന്നത്.
തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനും ശുചീന്ദ്രം തെക്കുമണ്‍ സ്വദേശിയുമായ കാര്‍ത്തിക്കിന്റെ ഭാര്യ ശ്രുതിയെ തിങ്കളാഴ്ചയാണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭര്‍തൃമാതാവിന്റെ മാനസിക പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്ന് ശ്രുതി 21ന് അമ്മയ്ക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. ഭര്‍ത്താവിനൊപ്പം ഇരിക്കാനോ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനോ അനുവദിച്ചിരുന്നില്ലെന്നും ശ്രുതി പറഞ്ഞതായി വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. 10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണാഭരണവും വിവാഹ സമ്മാനമായി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞു പോയെന്നു പറഞ്ഞ് ചെമ്പകവല്ലി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും ശ്രുതിയുടെ വാട്‌സാപ് സന്ദേശത്തില്‍ പരാമര്‍ശിച്ചിരുന്നു.