attacking-car-passengers

ഒരുവര്‍ഷം മുന്‍പ് പാലക്കാട് കഞ്ചിക്കോടില്‍ കാര്‍ യാത്രികരെ ആക്രമിച്ച് നാലരക്കോടി രൂപ കവര്‍ന്ന കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി സിജോണിനെയാണ് പാലക്കാട് കസബ പൊലീസ് പിടികൂടിയത്. കഴിഞ്ഞവര്‍ഷം ജൂലൈയിലായിരുന്നു ദേശീയപാതയില്‍ നരകംപുള്ളി പാലത്തിലെ കവര്‍ച്ച. മലപ്പുറത്തെ മൂന്ന് വ്യാപാരികള്‍ സഞ്ചരിച്ചിരുന്ന കാറിന് മാര്‍ഗതടസം സൃഷ്ടിച്ച് യാത്രക്കാരെ ആക്രമിച്ച് നാലരക്കോടി രൂപയും വാഹനവുമായി സംഘം കടന്ന് കളയുകയായിരുന്നു. അടയ്ക്ക വ്യാപാരികൾ ബെംഗലൂരുവില്‍ നിന്നും നാട്ടിലേക്ക് മടങ്ങും വഴിയായിരുന്നു ആക്രമണം.

 

ദേശീയപാതയിലെ പതിവ് പിടിച്ചുപറി സംഘം കാറിനെ പിന്തുടര്‍ന്ന് നാല് വാഹനങ്ങള്‍ മുന്നിലും പിന്നിലും തടസമിട്ട് കാറിനെയും കാറിലുണ്ടായിരുന്ന മൂന്നുപേരെയും കടത്തിക്കൊണ്ട് പോയി തൃശൂരിൽ ഇറക്കിവിടുകയും ചെയ്തു. ഇതുവരെ പതിനാല് പ്രതികളാണ് കേസിൽ പിടിയിലായത്. നാല് വാഹനങ്ങളും മുപ്പത് ലക്ഷത്തിലേറെ രൂപയും പിടിയിലായവരില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സിജോണായിരുന്നു കവര്‍ച്ചയിലെ പ്രധാന ആസൂത്രകന്‍. ലോറി ഉള്‍പ്പെടെ ചരക്ക് വാഹനങ്ങള്‍ വേഗതയിലോടിക്കുന്നത് ഹരമായ സിജോണ്‍ ടിപ്പര്‍ ഡ്രൈവറെ മാറ്റി വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്താണ് കാറിന് തടസമിട്ടത്. അരക്കോടി രൂപയായിരുന്നു കവര്‍ച്ച പൂര്‍ത്തിയാവുമ്പോള്‍ സിജോണിന് നല്‍കാമെന്നറിയിച്ചിരുന്നത്. സിജോണിന് പാലക്കാട് നോർത്ത്, വയനാട്, തമിഴ്നാട് തുടങ്ങി നിരവധി സ്റ്റേഷനുകളിലും ഹൈവേ പിടിച്ചുപറി കേസുകളിലും പ്രതിയാണ്. കവര്‍ച്ചയ്ക്ക് ശേഷം പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം സിജോണ്‍ നാട്ടിലെത്തിയെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ കസബ പൊലീസ് ഇയാളെ പിടികൂടിയത്. കാല്‍ലക്ഷം രൂപ പ്രതിഫലമായി കിട്ടിയതായി സിജോണ്‍ പൊലീസിനോട് സമ്മതിച്ചു. കവര്‍ച്ചയിലൂടെ കിട്ടിയ പണം ആഢംബര ജീവിതം നയിക്കാനാണ് വിനിയോഗിച്ചതെന്നും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കവര്‍ച്ച നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്ത ശേഷം സിജോണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.