kidneyracket-arrest

TOPICS COVERED

ഡല്‍ഹിയില്‍ വന്‍ വൃക്ക തട്ടിപ്പ് സംഘം പിടിയില്‍. അറസ്റ്റിലായവരില്‍ ഡോക്ടറും ബംഗ്ലദേശി പൗരന്‍മാരുമടക്കം 15 പേര്‍. ഒരു വൃക്കയ്ക്ക് 30 ലക്ഷം രൂപ വരെ സംഘം ഈടാക്കിയതായി പൊലീസ് അറിയിച്ചു.  

 

അഞ്ച് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ചുവന്നിരുന്ന വൃക്ക തട്ടിപ്പ് സംഘത്തെയാണ് പൊലീസ് പിടികൂടിയത്. മൂന്ന് ബംഗ്ലദേശി പൗരന്‍മാരും ഒരു ഡോക്ടറുമടക്കം 15 പേര്‍ അറസ്റ്റിലായി. വൃക്ക നല്‍കുന്നയാളും സ്വീകരിക്കുന്നയാളും ബന്ധുക്കളാണെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. 

വൃക്ക തട്ടിപ്പ് സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാഴ്ചയായി പൊലീസ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തിവരുകയായിരുന്നു. സംഘം ഇടപെട്ട് 34 ശസ്ത്രക്രിയകള്‍ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തി. ബംഗ്ലദേശി പൗരന്‍മാരാണ് വൃക്ക നല്‍കുന്നവരില്‍ കൂടുതല്‍. അവര്‍ക്ക് ലഭിക്കുക പരമാവധി അഞ്ച് ലക്ഷം രൂപ. ആവശ്യമുള്ളവര്‍ക്ക് തട്ടിപ്പ് സംഘം വൃക്ക കൊടുക്കുന്നത് 30 ലക്ഷം രൂപയ്ക്കും. സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്താണ് വൃക്ക നല്‍കാന്‍ ആളുകളെ പ്രല്ലോഭിച്ചിരുന്നത്. 

നോയിഡയിലെ ഒരു ആശുപത്രി കേന്ദ്രീകരിച്ച് 16 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി. അറസ്റ്റിലായ വിജയ കുമാരിയെന്ന ഡോക്ടര്‍ മാത്രം 13 ശസ്ത്രക്രിയകള്‍ നടത്തി. ഓരോ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും ഡോക്ടര്‍ക്ക് ലഭിച്ചത് രണ്ട് ലക്ഷം രൂപ. സംഘത്തില്‍ കൂടുതല്‍പ്പേരുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. 

ENGLISH SUMMARY:

Delhi Crime Branch busts international kidney racket, 8 arrested