chengamanad-arrest

TOPICS COVERED

ആലുവ ‍ചെങ്ങമനാട് പതിനാലുകാരിയെ ബംഗാളിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ സാഹസികമായി പിടികൂടി. ബംഗാള്‍ സ്വദേശിയായ പ്രതിയെ തെലുങ്കാനയിലെ ക്രിമിനല്‍ സംഘത്തിന്‍റെ താവളത്തില്‍ നിന്നാണ് ചെങ്ങമനാട് പൊലീസ് പിടികൂടിയത്. കൂട്ടാളികളുടെ ആക്രമണത്തെയും ചെറുത്ത് തോല്‍പ്പിച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ബംഗാൾ സ്വദേശി മുഹമ്മദ് മുഷറഫിനെയാണ് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ തെലുങ്കാനയിലെ ഒളിസങ്കേതത്തില്‍ നിന്ന് ചെങമനാട് പൊലീസ് പിടികൂടിയത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട അസമില്‍ നിന്നുള്ള പതിനാലുകാരിയെയാണ് മുഹമ്മദ് മുഷറഫ് പീഡിപ്പിച്ചത്.  കേരളത്തില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ പ്രതി ബംഗാളിലേക്ക് തട്ടിക്കൊണ്ടുപോയി അവിടെവെച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു. മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച ‍ചെങ്ങമനാട് പൊലീസ് പെണ്‍കുട്ടിയെ ബംഗാളിലെത്തി മോചിപ്പിച്ചു. പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സൈബര്‍സെല്ലിന്‍റെ സഹായത്തോടെയായിരുന്നു പിന്നീട് പ്രതിക്കായുള്ള അന്വേഷണം.

ബംഗാളില്‍ നിന്ന് മുഹമ്മദ് മുംബൈ സോലാപൂരിലെത്തിയതായി പൊലീസ് കണ്ടെത്തി. അന്വേഷണസംഘം ഇവിടെ എത്തും മുന്‍പ് പ്രതി തെലുങ്കാനയിലേക്ക് കടന്നു. തെലുങ്കാനയില്‍ രാമാനുജവാരം ഗ്രാമത്തില്‍ പ്രതിയുണ്ടെന്ന് ഉറപ്പിച്ച അന്വേഷണസംഘം വേഷം മാറി സ്ഥലത്തെത്തി. ക്രിമിനല്‍ സംഘത്തോടൊപ്പമാണ് മുഹമ്മദ് താമസിച്ചിരുന്നത്. താമസസ്ഥലം പൊലീസ് വളഞ്ഞതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. കിലോമീറ്ററുകളോളം പിന്തുടര്‍ന്നാണ് മുഹമ്മദിനെ പൊലീസ് കീഴടക്കിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്ഐമാരായ പി.കെ ബാലചന്ദ്രൻ , പി.എ തോമസ്, സീനിയർ സി പി ഒ മാരായ കെ.ബി സലിൻ കുമാർ, കെ.ആർ രാഹുൽ, എം.എസ് സിജു എന്നിവരാണ് മറ്റ് സംഘാംഗങ്ങള്‍.