കാസർകോട് മുഹമ്മദ് ഹാജി കൊലക്കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം തടവ്. കാസർകോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 ൽ നടന്ന തുടർ കൊലപാതകങ്ങളുടെ ഭാഗമായാണ് പട്ടാപ്പകൽ മുഹമ്മദ് ഹാജിയെ മകൻ്റെ മുന്നിൽ വച്ച് കൊലപ്പെടുത്തിയത്.
അടുക്കത്ത്ബയലിലെ സി എ മുഹമ്മദ് ഹാജിയെ 2008 ഏപ്രില്‍ 18നാണ് ബിലാൽ മസ്ജിദിന് സമീപത്തുവച്ച് കുത്തിക്കൊലപ്പെടുത്തിയത്. കുഡ്ലു ഗുഡ്ഡെ ടെമ്പിൾ റോഡിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് താളിപ്പടുപ്പിലെ കെ ശിവപ്രസാദ് അയ്യപ്പനഗറിലെ കെ. അജിത്കുമാർ അടുക്കത്തുബയൽ സ്വദേശി കെ. ജി കിഷോർ കുമാർ എന്നിവരാണ് പ്രതികൾ. ബിലാൽ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായിരുന്നു മുഹമ്മദ് ഹാജി. 2008 മുതലാണ് കാസർകോട് അശാന്തിയുടെ വിത്ത് പാകി തുടർച്ചയായ കൊലപാതകങ്ങൾ നടന്നത്. എന്നാൽ കേസുകളിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തുന്നത് ആദ്യമാണ്. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് പിന്നാലെ മൂന്നാം പ്രതി അജിത് കുമാർ സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായില്ലെന്ന് കോടതിയെ അറിയിച്ചു. തുടർന്ന് വയസ്സ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സമയം അനുവദിച്ചെങ്കിലും പ്രതിഭാഗത്തിന് തെളിയിക്കാനായില്ല. ഇതോടെയാണ് 4 പ്രതികൾക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
നീതി പുലർന്നതായും ഇനി ഒരു മക്കൾക്കും ഈ ഗതി വരരുതെന്നും മുഹമ്മദ് ഹാജിയുടെ മകൻ പറഞ്ഞു. കാസർകോട് അഡീഷണൽ എസ്പി ബാലകൃഷ്ണൻ നായരാണ് കേസ് അന്വേഷിച്ച് പ്രതികളെ രണ്ടാഴ്ചയ്ക്കുള്ളിൽ കർണാടകയിലെ കങ്കനാടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൃത്യമായ അന്വേഷണമാണ് ശിക്ഷാവിധിയിലെത്തിച്ചതെന്നും സമാനമായ കേസുകളിൽ പ്രതികൾക്ക് ശിക്ഷ വാങ്ങിച്ചു നൽകാൻ ഇത് പ്രേരണയാകുമെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ.
സാമുദായിക സ്പർധയുടെ ഭാഗമായാണ് കൊലപാതകമെന്നായിരുന്നു പ്രോസിക്യൂഷൻ വാദമെങ്കിലും കോടതിയിൽ തെളിയിക്കാനായില്ല.