മണപ്പുറം ധനകാര്യ സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയ ധന്യ ഓണ്‍ലൈന്‍ റമ്മിക്ക് അടിമ. ധൂര്‍ത്തിനും ആഡംബരത്തിനും പണം ചെലവിട്ടു. ധന്യ മോഹന്റെ ഇടപാടുകളുടെ വിവരം തേടി ആദായനികുതി വകുപ്പ്. കൊല്ലം സ്വദേശി ധന്യക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. 

കഴിഞ്ഞ 18 വർഷമായി തൃശൂർ വലപ്പാട്ടെ മണപ്പുറം കോം ടെക്  ധനകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥയായിരു ധന്യ മോഹൻ.  മാനേജ്മെന്റിന്റെ വിശ്വാസം നേടിയെടുത്തതിനാൽ തട്ടിപ്പ് അഞ്ചുവർഷം മൂടി വയ്ക്കാൻ കഴിഞ്ഞു. ഡിജിറ്റലായി വായ്പ അനുവദിക്കുന്ന വിഭാഗത്തിൽ ആയിരുന്നു ധന്യക്ക് ജോലി. വ്യാജ വിലാസത്തിൽ അക്കൗണ്ടുകൾ രൂപീകരിച്ച് വായ്പകൾ അതിലേക്ക് മാറ്റും. പിന്നീട് ഈ തുക ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു രീതി. ഭർത്താവ് വിദേശത്താണ്. വലപ്പാട്ടെ വീട്ടിൽ തനിച്ചായിരുന്നു താമസം. കൊല്ലത്തും സ്വത്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. കുടുംബസമേതം സ്ഥലം വിട്ടതായാണ് പൊലിസിന് ലഭിച്ച വിവരം. വലപ്പാട്ടയും കൊല്ലത്തെയും വീടുകളിൽ പൊലിസ് മിന്നൽ പരിശോധന നടത്തി. രാജ്യം വിട്ടു പോകാതിരിക്കാൻ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

വലപ്പാട്ടെ വീട്ടിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജുവിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ആഡംബരക്കാർ വീട്ടിൽ ഉപേക്ഷിച്ചാണ് സ്ഥലംവിട്ടത്. ധന്യ മോഹൻ നാട്ടുകാരുടെ ആരോടും അടുപ്പം പുലർത്തിയിരുന്നില്ല. ധനകാര്യ സ്ഥാപനത്തിന്റെ സോഫ്റ്റ്‌വെയറുകൾ കൂടുതൽ പരിശോധിച്ചാൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വ്യക്തമാകൂ.

ENGLISH SUMMARY:

Dhanya is an online rummy addict who cheated a Manappuram financial institution