dhanaya-mohan-2607

തൃശൂരിലെ മണപ്പുറം ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഇരുപതു കോടി രൂപ തട്ടിച്ചെടുത്ത അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ധന്യ മോഹന്‍ കുടുംബസമേതം നാടുവിട്ടു. കൊല്ലത്തെ വീട്ടിലും തൃശൂര്‍ വലപ്പാട്ടെ പുതിയ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. അഞ്ചു വര്‍ഷം കൊണ്ട് ഇത്രയും തുക തട്ടിയെടുത്തിട്ടും അത് മറച്ചുവച്ചത് സോഫ്റ്റ്്വെയറില്‍ തിരിമറി നടത്തിയായിരുന്നു.  

തൃശൂര്‍ വലപ്പാട് ആസ്ഥാനമായുള്ള മണപ്പുറം കോംടെക് ധനകാര്യ സ്ഥാപനത്തിന്റെ ഇരുപതു കോടി രൂപയാണ് വനിതാ ഉദ്യോഗസ്ഥ തട്ടിയെടുത്തത്. കൊല്ലം സ്വദേശിനിയായ ധന്യ മോഹന്‍ പതിനെട്ടു വര്‍ഷമായി ഇവിടെ ഉദ്യോഗസ്ഥയാണ്. ഐ.ടി. വിഭാഗത്തിന്റെ നിയന്ത്രണം ധന്യയ്ക്കായിരുന്നു. തട്ടിപ്പ് നടത്താന്‍ ഇത് കൂടുതല്‍ എളുപ്പമായി. മാത്രവുമല്ല, സ്ഥാപനത്തിന്റെ തലപ്പത്തുള്ളവരുടെ വിശ്വാസ്യത ഉറപ്പാക്കിയതോടെ പണം തട്ടിയെടുക്കല്‍ ലളിതമായി. വ്യാജ വിലാസത്തില്‍ അക്കൗണ്ടുകള്‍ രൂപികരിച്ച് വായ്പകളെല്ലാം അതിലേയ്ക്കു മാറ്റും. പിന്നീട്, സ്വന്തക്കാരുടെ അക്കൗണ്ടുകളിലേയ്ക്കും. പണം തട്ടിയത് ഓഡിറ്റിങ്ങില്‍ പിടികൂടിയെന്ന് സൂചന ലഭിച്ചതോടെ മുങ്ങി. 

തട്ടിയെടുത്ത ഇരുപതു കോടി രൂപയില്‍ രണ്ടു കോടി പോയത് ഓണ്‍ലൈന്‍ റമ്മി കളിച്ചാണ്. ഇതിനു പുറമെ ധൂര്‍ത്തടിച്ചുള്ള ആഡംബര ജീവിതം. വലപ്പാട്ടെ അയല്‍വാസികളോടു പോലും ധന്യ മിണ്ടാറില്ല. കൊല്ലത്ത് പൊലീസ് എത്തുമ്പോഴേക്കും കുടുംബസമേതം നാടുവിട്ടിരുന്നു.  വലപ്പാട് ഇന്‍സ്പെക്ടര്‍ എം.കെ.രമേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. 

ENGLISH SUMMARY:

Thrissur Rural SP said that the Dhanya Mohan cheated 20 crores from Thrissur Valapad financial institution in five years.