ഉഭയസമ്മതപ്രകാരം ഒന്നിച്ചുതാമസിച്ചശേഷം വഴക്കുണ്ടായപ്പോള്‍ ലൈംഗികാരോപണ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ഇത്തരം പരാതികള്‍ സ്ത്രീകള്‍ക്കുള്ള സ്വാഭാവിക പരിഗണനകളെപ്പോലും ചോദ്യം ചെയ്യപ്പെടാന്‍ വഴിയൊരുക്കുന്നതാണെന്ന് ജസ്റ്റിസ് ഷെഫാലി ബര്‍ണാല ടണ്ടന്‍ നിരീക്ഷിച്ചു. കേസില്‍ വാദിക്കനുകൂലമായ ഒരു ഘടകവുമില്ലെന്ന് കോടതി വ്യക്തമാക്കി. ആരോപണവിധേയന്റെ ജീവിതത്തെയും സമൂഹത്തിലെ പദവിയെയും ഗുരുതരമായി ബാധിക്കുന്നതാണ് പരാതിക്കാരിയുടെ നടപടിയെന്നും കോടതി പറഞ്ഞു.
ഈമാസം പതിനാലിനാണ് ഡല്‍ഹി പൊലീസ് ലൈംഗിക പീഡനപരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. ആരോപണവിധേയന്‍ തന്നെ ഹോട്ടലിലെത്തിച്ച് ബലാല്‍സംഗം ചെയ്തു എന്നായിരുന്നു പരാതി. എന്നാല്‍ തൊട്ടടുത്ത ദിവസം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ഉഭയസമ്മതപ്രകാരമാണ് ഹോട്ടലില്‍ പോയതെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും യുവതി മൊഴി നല്‍കി. ആരോപണവിധേയനുമായി വഴക്കുണ്ടായപ്പോള്‍ അപ്പോഴത്തെ ദേഷ്യത്തിലാണ് പൊലീസിനെ വിളിച്ച് പറഞ്ഞതെന്നും അവര്‍ മജിസ്ട്രേറ്റിനെ ധരിപ്പിച്ചു. പിന്നീട് ഹൈക്കോടതിയിലും യുവതി നിലപാടാവര്‍ത്തിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 25ന് കോടതി യുവാവിന് ജാമ്യം അനുവദിച്ചു.
‘രാജ്യത്തെ സ്ത്രീകളെപ്പോലെ പുരുഷന്മാര്‍ക്കും തുല്യ അവകാശങ്ങളുണ്ട്. അത് ഭരണഘടനയില്‍ത്തന്നെ വ്യവസ്ഥ ചെയ്തിട്ടുള്ളതും നിയമപരവുമാണ്. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനകളുണ്ട്. പക്ഷേ അത് സ്വാര്‍ഥതാല്‍പര്യം സംരക്ഷിക്കാനും ആരെയെങ്കിലും പാഠം പഠിപ്പിക്കാനുമുള്ള ആയുധമാക്കരുത്’. അത്തരം പരാതികള്‍ സമൂഹത്തില്‍ വലിയ വിപത്തുകള്‍ക്ക് വഴിവയ്ക്കുമെന്നും ജസ്റ്റിസ് ഷെഫാലി ജാമ്യ ഉത്തരവില്‍ നിരീക്ഷിച്ചു.
‘ബലാല്‍സംഗം അങ്ങേയറ്റം നീചവും വേദനാജനകവുമായ ഒന്നാണ്. ഇരയുടെ ആത്മാവിനെത്തന്നെ തകര്‍ക്കുന്നതുമാണ്. അത്തരം കേസുകളില്‍ നീതി ഉറപ്പാക്കാനാണ് ക്രിമിനല്‍ പരാതി നല്‍കാനുള്ള അവകാശം നിയമം സ്ത്രീയ്ക്ക് നല്‍കുന്നത്’. എന്നാല്‍ ബലാല്‍സംഗത്തിനെതിരായ വകുപ്പുകള്‍ ദുരുപയോഗിക്കുന്ന പ്രവണത വര്‍ധിക്കുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഇത്തരത്തില്‍ ഗൂഢ ഉദ്ദേശ്യങ്ങളോടെ നല്‍കുന്ന പരാതികള്‍ നിയമത്തിന്റെ അന്തസ്സത്ത തന്നെ ഇല്ലാതാക്കുമെന്നും കോടതി നിരീക്ഷിച്ചു.
സ്ത്രീയും പുരുഷനും സമൂഹത്തിന്റെ രണ്ട് തൂണുകളാണ്. അവര്‍ക്ക് തുല്യ അവകാശങ്ങളുണ്ട്. ഒരുകൂട്ടര്‍ക്ക് മാത്രമായി പ്രത്യേക അധികാരമോ അവകാശമോ ഇല്ല. ലിംഗ വ്യത്യാസത്തിന്‍റെ പേരില്‍ അങ്ങനെയെന്തെങ്കിലും നടക്കുന്നുവെന്ന് കണ്ടാല്‍ അത് അംഗീകരിക്കാനുമാവില്ലെന്ന് കോടതി പറഞ്ഞു. വ്യാജ പരാതിയുടെ പേരില്‍ പത്തുദിവസമാണ് യുവാവ് ജയിലില്‍ കിടന്നത്. പരാതിക്കാരിക്കെതിരെ നിയമം അനുശാസിക്കുന്ന നടപടിയെടുത്ത് പത്തുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.