നവി മുംബൈയിലെ ജ്വല്ലറിയില്‍ മൂന്നംഗ സംഘം ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി 13 ലക്ഷത്തിന്‍റെ ആഭരണങ്ങള്‍ കവര്‍ന്നു. ഖാര്‍ഗറില്‍ ഇന്നലെ രാത്രിയാണ് സംഭവം. രക്ഷപ്പെടാന്‍ ശ്രമിക്കവേ മോഷ്ടാക്കള്‍ നാട്ടുകാര്‍ക്ക് നേരെയും വെടിയുതിര്‍ത്തു.
കറുത്ത മുഖംമൂടിയും ഹെല്‍മെറ്റും ധരിച്ചാണ് മൂന്നംഗ കവര്‍ച്ചാ സംഘം രാത്രി ഖാര്‍ഗറിലെ ജ്വല്ലറിയില്‍ എത്തിയത്. ഇതില്‍ ഒരാള്‍ തോക്ക് ചൂണ്ടി ജീവനക്കാരെ പരിഭ്രാന്തരാക്കി. ഒരു ജീവനക്കാരന്‍ അപായ സൈറന്‍ മുഴക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ നാല് റൗണ്ട് വെടിയുതിര്‍ത്തു. ഇതേ സമയം മറ്റ് രണ്ട് പേര്‍ ആഭരണങ്ങളും പണവും കൈക്കലാക്കി. ഒരാള്‍ ജീവനക്കാരനെ മര്‍ദിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പുറത്തെത്തിയ കവര്‍ച്ചാ സംഘത്തെ തടയാന്‍ നാട്ടുകാരുടെ ശ്രമം. ഇതോടെ മോഷ്ടാക്കള്‍ വീണ്ടും വെടിയുതിര്‍ത്തു. പിന്നാലെ ഇവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. വെടിവയ്പ്പില്‍ ആര്‍ക്കും പരുക്കില്ല. ഏതാണ്ട് 13 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പ്രതികളെ പിടികൂടാന്‍ നവി മുംബൈ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.