എലിഫന്‍റ ബോട്ട് അപകടത്തില്‍ നിന്നും ജീവന്‍ തലനാരിഴയ്ക്ക് തിരിച്ചു കിട്ടിയെന്ന് ഗൗതം ഗുപ്തയ്ക്കിനിയും വിശ്വസിക്കാനായിട്ടില്ല. നേവി ഓഫിസറുള്‍പ്പടെ സ്പീഡ് ബോട്ടിലുണ്ടായിരുന്നു. സ്പീഡ് ബോട്ടിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ മാത്രമാണ് രക്ഷപെട്ടത്. സ്പീഡ് ബോട്ടിന്‍റെ അഭ്യാസ വിഡിയോ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു ഗൗതം. പൊടുന്നനെയാണ് സ്പീഡ്ബോട്ട്, യാത്രാബോട്ടിന് നേരെ പാഞ്ഞുവരുന്നത് കണ്ടത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുന്‍പ് ബോട്ട് ഇടിച്ചു കയറിയെന്നും ഇടിയുടെ ആഘാതത്തില്‍ സ്പീഡ്ബോട്ടിലുണ്ടായിരുന്നവരില്‍ ഒരാള്‍ വായുവില്‍ ഉയര്‍ന്ന് പൊങ്ങി ബോട്ടിലെ ഡെക്കില്‍ തന്‍റെ സമീപത്തേക്ക് ചലനമറ്റ് വീണുവെന്നും ഗൗതം പറയുന്നു. കണ്‍മുന്നില്‍ കണ്ട മരണത്തിന്‍റെയും അപകടത്തിന്‍റെയും വിറയല്‍ ഗൗതത്തിന് ഇനിയും മാറിയിട്ടില്ല.
സെന്‍റ് ജോര്‍ജ് ആശുപത്രിയില്‍ ബന്ധുവായ റിന്‍റയ്ക്കൊപ്പം ചികില്‍സയിലാണ് യുവാവിപ്പോള്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റിന്‍റയുടെ അമ്മയെ ഇനിയും കണ്ടെത്താനായിട്ടില്ല. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാലാണ് രക്ഷപെട്ടതെന്ന് ഗൗതം പറയുന്നു. ഫെറി ബോട്ടില്‍ മതിയായ സൗകര്യങ്ങളൊന്നുമില്ലായിരുന്നുവെന്നും കൂട്ടിയിടിക്ക് ശേഷം അടിയന്തരമായി നല്‍കേണ്ട മുന്നറിയിപ്പുകളോ, അനൗണ്‍സ്മെന്‍റുകളോ ഒന്നും ജീവനക്കാര്‍ നല്‍കിയില്ലെന്നും ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് ആളുകള്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്നും രക്ഷപെട്ടവര്‍ വെളിപ്പെടുത്തി. 20 കുട്ടികളടക്കം 110ഓളം പേരാണ് ബോട്ടിലുണ്ടായിരുന്നത്.
ബോട്ടിന്‍റെ മുന്‍ഭാഗത്തേക്ക് വെള്ളം ഇരച്ച് കയറിയതും ആളുകള്‍ കൂട്ടത്തോടെ ബോട്ടിന്റെ പിന്നിലേക്ക് ഓടി. ഇതോടെ ബോട്ട് ഉയര്‍ന്ന് പൊങ്ങിയെന്നും പലരും നിലതെറ്റി വീണുവെന്നും രക്ഷപെട്ടവര്‍ പറയുന്നു. ബോട്ട് ഉയരുന്നത് കണ്ടതും ലൈഫ് ജാക്കറ്റുമായി പ്രാണരക്ഷാര്‍ഥം വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്നും അരമണിക്കൂറോളം കടലില്‍ കിടന്നശേഷമാണ് രക്ഷപ്രവര്‍ത്തകര്‍ എത്തിയതെന്നും രാം മിലന്‍ സിങ് എന്നയാള്‍ പറഞ്ഞു. സ്പീഡ് ബോട്ട് നിശ്ചിത അകലെയായിരുന്നുവെന്നും പിന്നീട് യാത്രാബോട്ടിന് സമീപത്തുകൂടി പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ കൂട്ടയിടി നടക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോട്ടിലുണ്ടായിരുന്ന നിരവധിപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. 13 മൃതദേഹം കണ്ടെടുത്തു. നിരവധിപ്പേരാണ് ആശുപത്രികളില്‍ ചികില്‍സയില്‍ ഉള്ളത്. നേവിയുടെ സ്പീഡ് ബോട്ടിലുണ്ടായിരുന്നവരാണ് മരിച്ചവരിലേറെയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.